
ന്യൂഡൽഹി: മദ്യ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഇഡി അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയെന്ന് ആം ആദ്മി നേതാക്കൾ. ഡൽഹി മദ്യ അഴിമതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കേജ്രിവാൾ വിസമ്മതിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡുണ്ടാകുമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നാണ് ആം ആദ്മി നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നത്.
ഏത് സാഹചര്യവും നേരിടാൻ പാർട്ടി തയ്യാറാണെന്നും ആം ആദ്മി നേതാക്കൾ അറിയിക്കുന്നു. മദ്യ അഴിമതിക്കേസുമായി നിലനിൽക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കേജ്രിവാളിനെ നിരവധി തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങൾ അറിയിച്ചത്. 'മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വീട് ഇന്ന് രാവിലെ റെയ്ഡ് ചെയ്യും. അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കും'- എന്നാണ് ആം ആദ്മി നേതാക്കൾ കുറിച്ചത്.
സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ, സന്ദീപ് പഥക് തുടങ്ങിയ മുതിർന്ന നേതാക്കളാണ് ഇതേ കുറിച്ച് എക്സിൽ പങ്കുവച്ചത്. മൂന്ന് തവണയാണ് കേജ്രിവാളിനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചത്. എന്നാൽ മൂന്ന് തവണയും അദ്ദേഹം ഹാജരായില്ല. നവംബർ രണ്ടിനും ഡിസംബർ 21നും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും കേജ്രിവാൾ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ നിയമ പ്രകാരം അദ്ദേഹത്തെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യാം.