
കോഴിക്കോട് : കറിയുടെ രുചി കെടുത്തി വെളുത്തുള്ളി വില കുതിക്കുന്നു. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഒരു കിലോ വെളുത്തുള്ളി വില 250 മുതൽ 350 രൂപ വരെയായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെളുത്തുള്ളി വില ദിനംപ്രതി ഉയരുകയാണ്. മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ 240 രൂപയാണ് വില. കോഴിക്കോട്ടെ മൊത്ത വ്യാപാര കേന്ദ്രമായ പാളയത്ത് ഇന്നലത്തെ വില 230 മുതൽ 250 വരെയാണ്. കഴിഞ്ഞ മാസം 15ന് ഇത് 200 മുതൽ 230 വരെയായിരുന്നു. വെളുത്തുള്ളി ലഭ്യത കുറഞ്ഞതിനാൽ മാസങ്ങളായി വില 200ന് മുകളിലായിരുന്നു. എന്നാൽ രണ്ടുദിവസം കൊണ്ടാണ് ഇത്രയും വലിയ വർദ്ധന.
മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് വെളുത്തുള്ളി എത്തുന്നത്. കാലാവസ്ഥ വ്യതിയാനം ഇവിടങ്ങളിൽ വിളവ് കുറഞ്ഞതാണ് കേരളത്തിന് തിരിച്ചടിയായത്. വരൾച്ചയും കാലം തെറ്റിയുള്ള മഴയും കൃഷിയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം കർഷകരും കടുത്ത പ്രതിസന്ധിയിലാണ്. വില കൂടിയതോടെ കേരളത്തിലേക്കുള്ള വെളുത്തുള്ളി വരവും കുറഞ്ഞിട്ടുണ്ട്. അച്ചാർ വിപണിയെ ഉൾപ്പടെ വിലക്കയറ്റം സാരമായി ബാധിച്ചിരിക്കുകയാണ്.
മലയാളിയുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. എന്നാൽ വില ഉയർന്നതോടെ കറിയിലെ വെളുത്തുള്ളി രുചി കുറഞ്ഞെന്നു തന്നെ പറയാം. സ്റ്റോക്ക് എത്താത്തതിനാൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ശൈത്യകാലത്ത് വെളുത്തുള്ളിയ്ക്ക് വില കൂടുക പതിവാണ്. എന്നാൽ ഇത്തവണ പ്രതീക്ഷിച്ചതിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വെളുത്തുള്ളി വില വർദ്ധന ഹോട്ടൽ വിഭവങ്ങളുടെ വില ഉയരുന്നതിനും കാരണമാകുമെന്നാണ് വിലയിരുത്തൽ.
' വെളുത്തുള്ളി വില വർദ്ധിച്ചത് സാധാരണക്കാരെ സംബന്ധിച്ചടുത്തോളം വലിയ പ്രതിസന്ധിയാണ്.
വീട്ടിൽ വെളുത്തുള്ളി വാങ്ങാതായിട്ട് ദിവസങ്ങളായി. ഇനിയും വില കൂടുമെന്നാണ് അറിയുന്നത്. ഇങ്ങനെ
പോയാൽ പാചകത്തിൽ നിന്ന് വെളുത്തുള്ളി പൂർണമായും ഒഴിവാക്കേണ്ടി വരും.
- അഖിൽ കുളത്തോട്ട്,ചെറുവണ്ണൂർ സ്വദേശി