varkala

തിരുവനന്തപുരം: പാപനാശം ഹെലിപ്പാട് കുന്നിൻ മുകളിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു സംഭവം. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി അമൃത (28) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വർക്കലയിൽ എത്തിയതായിരുന്നു യുവതി.

ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കവേ പെട്ടെന്ന് പ്രകോപിതയായ യുവതി താഴേയ്ക്ക് ചാടുകയായിരുന്നെന്നാണ് വിവരം. ഹെലിപ്പാടിന് സമീപത്തുള്ള ടൂറിസം പൊലീസിന്റെ എയ്‌ഡ് പോസ്റ്റിന് അരികെ നിന്നാണ് യുവതി ചാടിയത്. ഏകദേശം മുപ്പത് അടി താഴ്‌ചയിൽ നിന്നാണ് 28കാരി വീണത്.

സംഭവത്തിന് പിന്നാലെ നാട്ടുകാരും ലൈഫ് ഗാ‌ർഡുകളും ടൂറിസം പൊലീസും ചേർന്ന് യുവതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുകൈകൾക്കും ഒടിവുണ്ട്. പരിക്കുകൾ സാരമായതിനാൽ അമൃതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. യുവതി നിലവിൽ അബോധാവസ്ഥയിൽ കഴിയുകയാണ്.

ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമല്ല. യുവതിക്കൊപ്പമുണ്ടായിരുന്ന മൂന്ന് ആൺ സുഹൃത്തുക്കളെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.