
തൃശൂർ: 41 മിനിറ്റ് നീണ്ട പ്രസംഗത്തിൽ സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചില്ലെങ്കിലും റോഡ് ഷോയിൽ സുരേഷ് ഗോപിയും താരമായി. മഹിളാമോർച്ച അദ്ധ്യക്ഷയ്ക്കും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമൊപ്പം തുറന്നജീപ്പിൽ ഇടം കിട്ടിയത് സുരേഷ് ഗോപിക്ക് മാത്രമായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സര രംഗത്തെത്തുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും വേദിയിലുണ്ടായിട്ടും സുരേഷ് ഗോപിയെ മോദി പരാമർശിച്ചില്ല. തൃശൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ളതൊന്നും മോദി പറഞ്ഞതുമില്ല. പക്ഷേ മോദി വരും മുൻപ് ആദ്യം പ്രസംഗിച്ച ശോഭാ സുരേന്ദ്രൻ സുരേഷ് ഗോപിയെക്കുറിച്ചാണ് പ്രസംഗിച്ചത്. ജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്നും പ്രഖ്യാപിച്ചു.
തൃശൂർ ലോക്‌സഭാ മണ്ഡലം ലക്ഷ്യം വെച്ചുള്ള സുരേഷ് ഗോപിയുടെ നീക്കം സജീവമായിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ പദയാത്രയിലുൾപ്പെടെ സജീവമായിരുന്നു. 'സ്ത്രീ ശക്തി മോദിക്കൊപ്പം' പരിപാടിക്കായി പ്രധാനമന്ത്രി തൃശൂരിൽ വരുന്നതിന് മുൻപേ സുരേഷ് ഗോപിക്കായി ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനാൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം മോദി പരാമർശിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു.