new-year

അനകപ്പള്ളി (ആന്ധ്രാപ്രദേശ്): മദ്യക്കുപ്പികൾക്ക് നടുവിലിരുന്ന് ന്യൂ ഇയർ ആഘോഷിക്കുന്ന ഏഴാംക്ളാസ് വിദ്യാർത്ഥികളുടെ വൈറൽ വീഡിയോയ്ക്ക് അപ്രതീക്ഷിത ട്വിസ്റ്റ്. ഹോസ്റ്റലിൽ താമസിക്കുന്ന സ്കൂൾ കുട്ടികൾ മദ്യ ലഹരിയിൽ ന്യൂ ഇയർ ആഘോഷിക്കുന്നത് കണ്ടെന്ന അവകാശവാദത്താേടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ വീഡിയോയിൽ കാണുന്ന വിദ്യാർത്ഥികൾ ഒരുതരത്തിലുള്ള ലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും റീൽ ഷൂട്ടുചെയ്യാനെന്നുപറഞ്ഞ് ചിലർ കുട്ടികളെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഹോസ്റ്റലിനോട് ചേർന്ന് താമസിക്കുന്ന എസി മെക്കാനിക്കും കാർ ഡ്രൈവറുമാണ് വീഡിയോയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം. ഇവർ പതിവായി മദ്യപിക്കുമായിരുന്നു. സംഭവ ദിവസവും ഇരുവരും മദ്യപിച്ചശേഷം കുട്ടികൾക്ക് ബിരിയാണി വാങ്ങിനൽകി. ഇത് മദ്യക്കുപ്പികൾക്ക് നടുവിലിരുന്ന് കഴിക്കണമെന്നും റീലിനുവേണ്ടി അത് ചിത്രീകരിക്കുമെന്നും കുട്ടികളെ അറിയിച്ചു. അവർ സമ്മതിച്ചു. ബിരിയാണി കഴിക്കുന്ന വീഡിയോ എസി മെക്കാനിക്കാണ് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത്. ഇരുവരും ചേർന്നാണ് തെറ്റിദ്ധരിപ്പിക്കുന്ന അടിക്കുറിപ്പ് നൽകിയത്.

വീഡിയാേ വൈറലായതോടെ രക്ഷിതാക്കൾ സംഭവം അറിയുകയും വൻ വിവാദമാവുകയും ചെയ്തു. തുർടന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വീഡിയോയെക്കുറിച്ച് കൂടുതൽ പരിശോധനകൾ വേണമെന്നും ഇപ്പോൾ കേസെടുത്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.