
ദുബായ്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം പ്രഖ്യാപിച്ച ഏറ്റവും പുതിയ എമിറേറ്റായി മാറിയിരിക്കുകയാണ് ദുബായ്. 2024 ജനുവരി ഒന്ന് ദുബായിൽ ഇത്തരം പ്ലാസ്റ്റിക്കുകൾക്ക് പൂർണ നിരോധനമാണ്. വിലക്ക് ലംഘിക്കുന്നവർക്ക് 2000 ദിർഹം ( 45, 370 രൂപ) പിഴയായി ഒടുക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പരിസ്ഥിതിയെ സംരക്ഷിക്കുക, മലിനീകരണം തടയുക എന്നിവ ലക്ഷ്യം വച്ചാണ് പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയത്.
ഭക്ഷണ വിതരണ പാക്കേജിംഗ് സാമഗ്രികൾ, പഴങ്ങൾ, പച്ചക്കറി പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ എന്നിവയ്ക്കും നിരോധനമുണ്ട്. എന്നാൽ മാംസം, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ, ധാന്യം എന്നിവയുടെ കയറ്റുമതിക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്കില്ല. 2026 ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക്ക് പ്ലേറ്റുകൾ ഫുഡ് കണ്ടെയിനർ. ടേബിൾവെയർ, കപ്പുകൾ, പ്ലാസ്റ്റിക് മൂടികൾ കൂടി നിരോധിക്കും.
അബുദാബിയിൽ 2022ൽ ആണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയത്. അജ്മാനിലും ഉമ്മൽ കുവൈനിലും കഴിഞ്ഞ വർഷത്തോടെ പ്ലാസ്റ്റിക് നിരോധിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലായ് ഷാർജയിലും ദുബായിലും ഇത്തരം പ്ലാസ്റ്റിക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അന്ന് ആവശ്യക്കാർക്ക് 25 ഫിൽസ് ഈടാക്കി കൊണ്ടാണ് പ്ലാസ്റ്റിക് ബാഗ് നൽകിയിരുന്നത്. പുതിയ നിയമം പ്രവാസികൾക്കടക്കം ബാധകമാണ്. നിരോധനം ലംഘിക്കുന്നവരിൽ പിഴ ഈടാക്കുമെന്നാണ് അധികൃതർ ഓർമ്മപ്പെടുത്തുന്നത്.