
കോഴിക്കോട്: തൃശൂർ എടുത്തുകൊണ്ടുപോയാൽ നമ്മളെങ്ങനെ തൃശൂരിൽ പോകുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പലരും പങ്കെടുത്തെന്ന് കരുതി അതൊന്നും വോട്ടാകില്ലെന്നും എത്ര പ്രചാരണം നടത്തിയാലും ഒരു എം പിയെപ്പോലും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്നും എത്ര താരങ്ങളെയോ ബിസിനസുകാരെയോ അണിനിരത്തിയാലും കേരളത്തിൽ ബി ജെ പി പച്ചപിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ സംബന്ധിച്ച് കേരളത്തിൽ ചെലവിടുന്ന സമയം നഷ്ടമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
പിണറായിയുടെയും മോദിയുടെയും പരിപാടികളിൽ പലരും പങ്കെടുക്കുന്നുണ്ട്. കോൺഗ്രസിന് അധികാരം ലഭിച്ചാൽ കോൺഗ്രസ് പരിപാടിയിലും ഇതുപോലെ ആളുകൾ പങ്കെടുക്കുമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു.
' വല്ലാതെ കളിക്കേണ്ട, സ്വർണം കൈയിലുണ്ടെന്നാണ് മോദി പറയുന്നത്. ഈ കാരണം കൊണ്ടാണ് പിണറായി നരേന്ദ്ര മോദീയെന്ന് പോലും തികച്ചുപറയാത്തത്.'- മുരളീധരൻ പറഞ്ഞു. സ്വർണക്കടത്ത് ആരുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവർക്കുമറിയാമെന്ന് മോദി ഇന്നലെ പറഞ്ഞിരുന്നു.