
സൗന്ദര്യം സംരക്ഷിക്കുന്നവരും അല്ലാത്തവരും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് ഫേസ്‌വാഷുകൾ. ദിവസത്തിൽ പല പ്രാവശ്യം നിങ്ങൾ ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നുണ്ടാവും. ഇനി മേക്കപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ ഫേസ്‌വാഷുകൾ കൊണ്ട് പൂർണമായും മുഖം വൃത്തിയാക്കാൻ സാധിക്കണമെന്നുമില്ല. അതിനായി മേക്കപ്പ് റിമൂവറും ഉപയോഗിക്കുന്നുണ്ടാവും. ഇങ്ങനെ പല തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നത് ചർമത്തിന് വളരെയധികം ദോഷം ചെയ്യും. ഇതിനെല്ലാം പരിഹാരമായി വിപണിയിൽ ഇറങ്ങിയിട്ടുള്ളതാണ് ക്ലെൻസിംഗ് ബാമുകൾ. നിലവിൽ ഇതിന് പ്രചാരം കുറവാണ്. ഫേസ്‌വാഷുകളെ അപേക്ഷിച്ച് ചർമത്തിന് ഏറ്റവും ഉത്തമമാണ് ഇവ.
എന്താണ് ക്ലെൻസിംഗ് ബാമുകൾ?
പേരുപോലെ തന്നെ ബാം രൂപത്തിലാണ് ഇവ ലഭിക്കുന്നത്. കട്ടിയുള്ള ക്രീം പോലെയുള്ള ഈ ബാമുകൾ ചർമത്തിൽ ആഴ്‌ന്നിറങ്ങി എണ്ണയും മറ്റ് അഴുക്കുകളും വലിച്ചെടുക്കുന്നു. ഇവ ഉപയോഗിച്ചാൽ ചർമത്തിന് വരൾച്ച ഉണ്ടാകില്ല. മുഖത്ത് നല്ല തിളക്കവും ഉണ്ടാകും. വളരെ കുറച്ച് അളവിൽ മാത്രം എടുത്താലും മതി. എത്ര വീര്യം കൂടിയ വാട്ടർ പ്രൂഫ് മേക്കപ്പ് ആണെങ്കിൽ പോലും അതിനെയെല്ലാം ചർമത്തിൽ നിന്ന് നീക്കം ചെയ്യാൻ ക്ലെൻസിംഗ് ബാമുകൾക്ക് കഴിയും എന്നാണ് ഡെർമറ്റോളജിസ്റ്റും ഇഷ്യ എസ്‌തെറ്റിക്‌സിന്റെ സ്ഥാപകനുമായ ഡോ. കിരൺ സേഥി പറയുന്നത്.
ഉപയോഗിക്കേണ്ട വിധം
നനവില്ലാത്ത മുഖത്ത് വേണം ഇത് ഉപയോഗിക്കാൻ. സാധാരണ ഫേസ്‌വാഷുകൾ പുരട്ടുന്നതുപോലെ കുറച്ചെടുത്ത് മുഖത്ത് മുഴുവൻ നന്നായി തേച്ച് മസാജ് ചെയ്യുക. വാട്ടർ പ്രൂഫ് മേക്കപ്പുൾപ്പെടെ എല്ലാ അഴുക്കും മുഖത്ത് നിന്നും പോകുന്നതാണ്. ധാരാളം മുഖക്കുരു ഉള്ളതും എണ്ണമയമുള്ളതുമായ ചർമമാണെങ്കിൽ മുഖം കഴുകിയ ശേഷം മൈൽഡ് ഫേസ്‌വാഷ് ഉപയോഗിക്കാവുന്നതാണ്. വിപണിയിൽ പല ബ്രാൻഡുകളുടെ ക്ലെൻസിംഗ് ബാമുകൾ ലഭ്യമാണ്.