
ഇടുക്കി: മുൻ മന്ത്രി എം എം മണിയുടെ സഹോദരൻ ലംബോധരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജി എസ് ടി വകുപ്പിന്റെ റെയ്ഡ്. ഇടുക്കി അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്‌പൈസസിലാണ് പരിശോധന നടത്തുന്നത്.
ലംബോധരൻ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജി എസ് ടി വകുപ്പിന്റെ നടപടി. രാവിലെ പത്തരയോടെയാണ് എട്ടിലധികം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. സ്ഥാപനത്തിൽ ഒൻപത് ജീവനക്കാരുണ്ട്. ഇവരെ ആരെയും പുറത്തുവിട്ടിട്ടില്ല. മാത്രമല്ല ഇവരുടെ ഫോണുകളും പിടിച്ചുവച്ചിരിക്കുകയാണെന്നാണ് വിവരം. ലംബോധരനെ ഇവിടേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹൈ റേഞ്ച് സ്‌പൈസസ്.
ലംബോധരന്റെ പേരിൽ ഇതിനുമുമ്പും വിവാദങ്ങളുണ്ടായിട്ടുണ്ട്. ഭാര്യയുടെ പേരിൽ ഇരുട്ടുകാനത്തു സിപ് ലൈൻ പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് വിവാദമുയർന്നിരുന്നു. സിപ് ലൈൻ പദ്ധതിക്ക് പഞ്ചായത്തും ടൂറിസം വകുപ്പും അനുമതി നൽകിയിരുന്നു. എന്നാൽ വീട് നിർമാണത്തിനും കൃഷിയ്ക്കും മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള ഭൂമിയിൽ സിപ് ലൈൻ പദ്ധതി കൊണ്ടുവരാൻ റവന്യു അധികൃതർ നിയമവിരുദ്ധമായി സഹായിച്ചെന്നായിരുന്നു ആരോപണം.