crime

തിരുവനന്തപുരം: കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞുകൊന്നു.കൊണ്ണിയൂർ സൈമണ്‍ റോഡില്‍ ഇന്നുരാവിലെയായിരുന്നു സംഭവം. പ്രതി മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീകണ്ഠന്‍-സിന്ധു ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാട്ടാക്കട ഫയർഫോഴ്സ് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീകണ്ഠന്റെ ആദ്യഭാര്യയാണ് മഞ്ജു. രണ്ടാമത്തെ പ്രസവത്തോടെ ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടായി. ഇതോടെ ശ്രീകണ്ഠൻ മഞ്ജുവിന്റെ അവിവാഹിതയായ ചേച്ചി സിന്ധുവിനെ വിവാഹം കഴിച്ചു. ഇതിലുള്ള കുഞ്ഞിനെയാണ് കിണറ്റിലെറിഞ്ഞുകൊന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.

അടുത്തിടെ തിരുവനന്തപുരം പോത്തൻകോട്ട് 36 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നിരുന്നു. പോത്തൻകോട് മഞ്ഞമല കുറവൻവിളാകത്ത് വീട്ടിൽ സജി-സുരിത ദമ്പതികളുടെ മകൻ ശ്രീദേവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ സുരിത അറസ്റ്റിലായി. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാലാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് സുരിത പൊലീസിനോട് പറഞ്ഞത്.

സംഭവം നടക്കുമ്പോൾ സുരിതയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞശേഷം മുറിയിൽ വന്ന് കിടന്ന സുരിത പിന്നീട് അമ്മയെ വിളിച്ചുണർത്തി കുഞ്ഞിനെ കാണാനില്ലെന്ന് പറയുകയായിരുന്നു. അവർ വിവരം സമീപത്ത് താമസിക്കുന്ന സുരിതയുടെ സഹോദരിയെ അറിയിച്ചു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പണിമൂലയിലെ വാടക വീട്ടിൽ താമസിക്കുന്ന സജിയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. ഉടൻ വീട്ടിലെത്തിയ പൊലീസ് നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവൽ കിണറ്റിൻകരയിൽ കണ്ടെത്തി. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന സംശയം ബലപ്പെട്ടതോടെ കഴക്കൂട്ടം ഫയ‍ർഫോഴ്സിനെ പൊലീസ് വിവരമറിയിച്ചു. അവരെത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തതിനു പിന്നാലെ സുരിതയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പരസ്‌പരവിരുദ്ധ മറുപടികളാണ് സുരിത നൽകിയത്. വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞതായി സമ്മതിച്ചത്.സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താനായിരുന്നില്ല. ജന്മനാ വൃക്ക സംബന്ധമായ അസുഖം കണ്ടെത്തിയ കുഞ്ഞിന് ആവശ്യത്തിന് ഭാരവും ഉണ്ടായിരുന്നില്ല. എന്നിട്ടും തുടർചികിത്സ നടത്താനോ കുട്ടിയെ നന്നായി വളർത്താനോ കഴിയാത്ത സാഹചര്യമായിരുന്നു.

സുരിതയ്ക്ക് നേരത്തെ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് കുഞ്ഞിനെ കൊല്ലാനുള്ള കാരണമെന്ന് പോത്തൻകോട് സി.ഐ വ്യക്തമാക്കി. കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്‌കരിച്ചു. സജിക്ക് കൂലിപ്പണിയാണ്. ദമ്പതികൾക്ക് അഞ്ച് വയസുള്ള മകൻ കൂടിയുണ്ട്.