രാജാക്കാട്: ശാന്തമ്പാറയിലെ സ്വകാര്യ ഏലം എസ്റ്റേറ്റിൽ നിന്ന് മുള്ളൻപന്നിയെ വെടിവെച്ചു കൊന്ന് കറിവെച്ച സംഭവത്തിൽ ഏഴ് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കേസിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. എസ്റ്റേറ്റ് ജീവനക്കാരിയായ പീരുമേട് പാമ്പനാർ കല്ലാർ കവല പൂവത്തിങ്കൽ ജോർജ് കുട്ടിയുടെ ഭാര്യ ബീന (50), ശാന്തമ്പാറ ചേരിയാർ പുത്തൻവീട്ടിൽ ജെ. വർഗീസ് (62), വണ്ടിപ്പെരിയാർ ചിറക്കളം പുതുവേൽ മനോജ് (33), തിരുവനന്തപുരം ഉള്ളൂർ സ്വദേശി എച്ച്. അസ്മുദീൻ (59), ഇയാളുടെ മകൻ അസ്ലം റസൂൽഖാൻ (28), പത്തനംതിട്ട തിരുവല്ല കാവുംഭാഗം പഞ്ചായത്ത് മഠം രമേശ്കുമാർ (57), തിരുവനന്തപുരം കവടിയാർ മുട്ടട ശ്രീനഗർ ലൈനിലെ താമസക്കാരനായ കെ.എം. ഇർഷാദ് (66) എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അസ്മുദീൻ, അസ്ലം റസൂൽഖാൻ, രമേശ് കുമാർ, ഇർഷാദ് എന്നിവർ കഴിഞ്ഞ 31ന് പുതുവത്സരം ആഘോഷിക്കാനായി കെ.ആർ.വി എസ്റ്റേറ്റിൽ എത്തിയതാണ്. ഇവിടെയുള്ള കോട്ടേജുകളിലായിരുന്നു ഇവർ താമസിച്ചത്. കഴിഞ്ഞ രണ്ടിന് ഇവർ രമേശ് കുമാറിന്റെ വാഹനത്തിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ തലക്കോട് വനംവകുപ്പ് ചെക് പോസ്റ്റിൽ ഇവരുടെ വാഹനം ഉദ്യോഗസ്ഥർ പരിശോധിച്ചു. വാഹനത്തിൽ പാകം ചെയ്ത ഇറച്ചിയുണ്ടായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇത് പ്രാഥമിക പരിശോധന നടത്തി. കാട്ടുമൃഗത്തിന്റെ ഇറച്ചിയാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്റ്റേറ്റിൽ നിന്ന് കൊണ്ടുവന്ന ഇറച്ചിയാണെന്ന് വിവരം ലഭിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ ദേവികുളം റേഞ്ച് ഓഫിസർക്ക് ഈ വിവരം കൈമാറി. ദേവികുളം റേഞ്ച് ഓഫിസർ പി.വി. വെജി, ശാന്തൻപാറ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എസ്റ്റേറ്റിൽ പരിശോധന നടത്തി. എസ്റ്റേറ്റ് ബംഗ്ലാവിന് സമീപത്ത് മുള്ളൻപന്നിയുടെ അവശിഷ്ടങ്ങളും ഇവർക്ക് ലഭിച്ചു. പന്നിയാർകുട്ടി സ്വദേശിയാണ് മുള്ളൻപന്നിയെ വെടിവെച്ച് പിടികൂടിയതെന്നും ഇയാൾക്കും കൂടെയുണ്ടായിരുന്ന സുഹൃത്തിനും വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.