
വാഷിംഗ്‌ടൺ: വിചാരണയ്ക്കിടെ കോടതി മുറിയിൽ ജഡ്‌ജിയെ പ്രതി ആക്രമിച്ചു. ഇന്നലെ യു എസ് ലാസ് വേഗാസിലെ ക്ളാർക്ക് കൗണ്ടി ജില്ലാ കോടതിയിലാണ് സംഭവം നടന്നത്. പ്രൊബേഷൻ അനുവദിക്കാത്തതിന്റെ പേരിൽ ജഡ‌്‌ജി മേരി കേയ് ഹോൽത്തൂസാണ് ആക്രമിക്കപ്പെട്ടത്. ഈ സമയം അക്രമമുണ്ടാക്കിയതിന്റെ പേരിൽ ഡെബ്രാ റെഡ്ഡൻ എന്നയാൾക്കെതിരെ ശിക്ഷ വിധിക്കുകയായിരുന്നു ജഡ്‌ജി.
രാവിലെ പതിനൊന്ന് മണിയോടെ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. വിചാരണയ്ക്കിടെ റെഡ്ഡന്റെ അഭിഭാഷകൻ ജഡ്ജിയോട് പ്രൊബേഷൻ ആവശ്യപ്പെട്ടു. കോടതിയുടെ അധികാരപരിധിയിൽ വരുന്ന ഒരു നടപടിയാണ് കുറ്റവാളിയെ പ്രൊബേഷന് വിടുകയെന്നത്. കോടതി വ്യവസ്ഥകൾ പ്രകാരം സമൂഹത്തിൽ തന്നെ ജീവിക്കാൻ കുറ്റവാളിയെ അനുവദിക്കുന്ന നടപടിയാണിത്. ഒരു പ്രൊബേഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ പലവിധ നിയന്ത്രണങ്ങളോടെയാകും കുറ്റവാളിക്ക് ജീവിക്കേണ്ടി വരിക.
റെഡ്ഡനുവേണ്ടി അഭിഭാഷകൻ പ്രൊബേഷൻ ആവശ്യപ്പെട്ടെങ്കിലും ജഡ്ജി ഇത് തള്ളിയതാണ് പ്രകോപനത്തിന് കാരണമായത്. 'ചരിത്രം ആവർത്തിക്കാൻ കഴിയില്ല. അവന് മറ്റ് കാര്യങ്ങളുടെ രുചിയറിയേണ്ട സമയമായിരിക്കുന്നു' എന്ന് പറഞ്ഞായിരുന്നു ജഡ്‌ജി അഭിഭാഷകന്റെ ആവശ്യം നിരാകരിച്ചത്. ഇതുകേട്ടയുടൻ സൂപ്പർമാനെ പോലെ കൈകൾ വിരിച്ചുവച്ച് ബഞ്ചിന് മുകളിലൂടെ ചാടിക്കടന്ന് റെഡ്ഡൻ ജഡ്ജിയെ ആക്രമിക്കുകയായിരുന്നു. പിന്നാലെ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ റെഡ്ഡനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കുതറി മാറിയ റെഡ്ഡൻ നിലത്തുവീണ ജഡ്ജിയെ തുടരെ ആക്രമിച്ചു. ആക്രമണത്തിൽ ജഡ്ജിന് തലയ്ക്ക് പരിക്കേറ്റു. റെഡ്ഡൻ സൂപ്പർമാനെ പോലെ ചാടിവീഴുന്നതിന്റെയും ജഡ്‌ജിയെ ആക്രമിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
A man attacked a Clark County judge in court today after she denied his probation. 😬 pic.twitter.com/CkJXj7Tc5a
— non aesthetic things (@PicturesFoIder) January 3, 2024