kaappa-

തിരൂർ: നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ തെക്കൻ കുറ്റൂർ സ്വദേശിയായ കടക്കോട്ട് വീട്ടിൽ കുഞ്ഞാവ എന്ന ജമാലിനെതിരെ(62) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. തിരൂർ, കൽപകഞ്ചേരി ഭാഗങ്ങളിൽ വർഷങ്ങളായി കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന ജമാലിനെതിരെ 5 കഞ്ചാവ് കടത്തു കേസുകളും ഒരു വധശ്രമക്കേസും ഒരു അടിപിടിക്കേസും ഉണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്റെ ശുപാർശ പ്രകാരം ജില്ലാ കളക്ടറാണ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്. തിരൂർ ഡിവൈ.എസ്.പി കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെക്കൻ കുറ്റൂരിൽ വച്ച് കഴിഞ്ഞദിവസം പ്രതിയെ പിടികൂടിയത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇയാൾ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ജില്ലയിൽ ആദ്യമായാണ് മുതിർന്ന പൗരനെ കാപ്പ പ്രകാരം തടങ്കലിലാക്കുന്നത്. തിരൂർ സി.ഐ എം.ജെ ജിജോ,​ എസ്.ഐ പ്രദീപ്,​ സീനിയർ സി.പി.ഒ ഷിജിത്ത്,​ സി.പി.ഒ ഹിരൺ എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.