d

നിലമ്പൂർ : ആറു ലിറ്റർ ചാരായവും 18 ലിറ്റർ വാഷുമായി വനിതാ പ്രതിയെ എക്സ് സൈസ് അധികൃതർ അറസ്റ്റ് ചെയ്തു. പുതുവത്സരം പ്രമാണിച്ചുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചൊവ്വാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കുറുമ്പലങ്ങോട് കുണ്ടിലട്ടിയിലെ സ്രാമ്പിക്കൽ വീട്ടിൽ തങ്കുവിനെയാണ് ( പുഷ്പവല്ലി-59) നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.ആർ. രതീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നേരത്തെയും അബ്കാരി കേസിൽ പ്രതിയാണ്. വാറ്റുചാരായമുണ്ടാക്കി ആദിവാസി വിഭാഗക്കാർക്ക് വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. പ്രതി ഒറ്റയ്ക്കാണ് വീട്ടിൽ കഴിഞ്ഞു വരുന്നത്. പ്രതിക്ക് സഹായികളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് നിലമ്പൂർ റെയ്ഞ്ച് ഇൻസ്‌പെക്ടർ സി. സന്തോഷ് കുമാർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ആർ.പി. സുരേഷ് ബാബു, മുസ്തഫ ചോലയിൽ , ജി. അഭിലാഷ്, സി.ഇ.ഒ. പി.എസ്. ദിനേശ്, വിമൻ സിവിൽ എക്‌സൈസ് ഓഫീസർ എം. സോണിയ എന്നിവരും പങ്കെടുത്തു.