കൊച്ചി: ഡ്രൈഡേ ദിവസങ്ങളിൽ മദ്യവില്പന നടത്തി വന്നിരുന്ന യുവാവ് പിടിയിലായി. വെണ്ണല ആലിൻചുവട് അംബേദ്കർ റോഡ് സ്വദേശി നെല്ലിതുരുത്തിപ്പറമ്പിൽ തക്കാളി എന്ന് വിളിക്കുന്ന സൂരജാണ് (28) എക്‌സൈസ് പ്രത്യേക സംഘത്തിന്റെ പിടിയിലായത്.
എക്സൈസ് പറയുന്നത്: ഇയാൾക്കെതിരെ മദ്യവില്പന സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഉണ്ടായിരുന്നെങ്കിലും പരിശോധനാ സമയത്ത് മദ്യവുമായി പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇയാളെ നിരീക്ഷിച്ചിരുന്ന എക്‌സൈസ് സംഘം ആക്രി സാധനങ്ങൾ എടുക്കുന്നവരുടെ വേഷത്തിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. വീടിന് സമീപത്തെ മതിൽക്കെട്ടിനുള്ളിൽനിന്ന് ഇയാൾ മദ്യമെടുത്ത് നൽകി. തുടർന്ന് മതിൽക്കെട്ടിനകത്ത് നിന്ന് അരലിറ്ററിന്റെ 5 കുപ്പി മദ്യംകൂടി കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ 17 ലിറ്റർവാഷും കണ്ടെടുത്തു.
എറണാകുളും റേഞ്ച് അസി. ഇൻസ്‌പെക്ടർ അനിൽകുമാർ, ഇന്റലിജന്റ്‌സ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്കുമാർ, കെ.ആർ. സുനിൽ, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, എൻ.എം. മഹേഷ്, സി.ഇ.ഒമാരായ സന്തോഷ് പി.ആർ, നീതു.ടി.എസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.