pukayila

ആലുവ: കശുഅണ്ടി വ്യാപാരമെന്ന വ്യാജേന കീഴ്മാട് ഗോഡൗണിൽനിന്ന് മിനിലോറിയിൽ കടത്താൻ ശ്രമിച്ച 10ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സംഭവസ്ഥലത്തുനിന്ന് വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ഡ്രൈവർ മാറമ്പിള്ളി കൈപ്പൂരിക്കര കോടനാട്ട് വീട്ടിൽ അബ്ദുൾസലാം മുഹമ്മദാലിയെ (48) ആലുവ പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ പുലർച്ചെ രണ്ടരയോടെ കീഴ്മാട് മുള്ളംകുഴി പൊതുശ്മശാനത്തിന് സമീപമാണ് സംഭവം.

മാറമ്പിള്ളി സ്റ്റാർ തിയേറ്ററിന് സമീപമുള്ള ജബ്ബാറിന്റേതാണ് വീടും പറമ്പും. ഇയാളുടെ നേതൃത്വത്തിൽ ഇവിടെ കശുഅണ്ടി വ്യാപാരമെന്നാണ് നാട്ടുകാരെ ധരിപ്പിച്ചിരുന്നത്. സംശയത്തെ തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് വീടുംപറമ്പും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടും പൊലീസ് മഫ്ടിയിൽ സ്ഥലത്തെത്തിയിരുന്നു. ഈ വിവരം ചോർന്ന് കിട്ടിയതിനെത്തുടർന്ന് ഇവിടെ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ മിനിലോറിയിൽ പെരുമ്പാവൂരിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാരുടെ പിടിയിലായത്.

നാട്ടുകാർ പറമ്പിലേക്ക് കയറുന്നത് കണ്ട ഉടൻ ഡ്രൈവർ പിന്നിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ആലുവ പൊലീസിനെ അറിയിച്ചു. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ രേഖപ്പെടുത്തിയ മൊബൈൽനമ്പർ മുഖേന പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.