
കുമരകം: ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് കാഞ്ഞിരം പാറെനാല്പ്പത്തിൽ ജെറിൻ (24), തിരുവാർപ്പ് കാഞ്ഞിരം തൊണ്ണൂറിൽചിറ സാമോൻ (27), കുമരകം പൂവത്തുശേരി സഞ്ജയ് (24) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി കുമരകം സ്വദേശിയായ ഗൃഹനാഥനെയും, മകനെയും, ഗൃഹനാഥന്റെ സഹോദരനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.ഗൃഹനാഥന്റെ വളർത്തുനായയുടെ നേരെ സാമോൻ പടക്കം കത്തിച്ചെറിഞ്ഞത് ഗൃഹനാഥൻ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇവർ സംഘം ചേർന്ന് ഗൃഹനാഥനെ മർദ്ദിക്കുകയും കരിങ്കല്ല് കഷണം കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ മകനെയും,സഹോദരനെയും, അയൽക്കാരനെയും ഇവർ ആക്രമിച്ചു. കുമരകം എസ്.എച്ച്.ഒ അൻസലിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.