ncp

മുംബയ്: ശ്രീരാമൻ മാംസാഹാരിയായിരുന്നെന്ന മഹാരാഷ്ട്ര എൻ.സി.പി നേതാവിന്റെ പരാമർശം വിവാദത്തിൽ. പ്രതിഷേധം കനത്തതോടെ ഖേദം പ്രകടിപ്പിച്ചെങ്കിലും പരാമർശം തിരുത്താൻ തയ്യാറായില്ല.

എൻ.സി.പി ശരദ് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ജിതേന്ദ്ര അവാദാണ് വിവാദ പരാമർശം നടത്തിയത്. അയോദ്ധ്യയിൽ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയോടനുബന്ധിച്ച് 22ന് മഹാരാഷ്ട്രയിൽ മാംസാഹാരവും മദ്യവും നിരോധിക്കണമെന്ന ബി.ജെ.പി ആവശ്യത്തിനു പിന്നാലെ നടത്തിയ പ്രതികരണമാണ് വിവാദമായത്. ആരും ചരിത്രം വായിക്കാറില്ല. രാമൻ നമ്മുടെ സ്വന്തമാണ്. ബഹുജൻ ആണ്. ഭക്ഷിക്കാൻ വേട്ടയാടുന്ന രാമൻ ഒരിക്കലും സസ്യഭുക്കായിരുന്നില്ല, മാംസാഹാരിയായിരുന്നു. 14 വർഷം കാട്ടിൽ ജീവിച്ച ഒരാൾ എങ്ങനെ സസ്യാഹാരിയാകും എന്നായിരുന്നു ജിതേന്ദ്രയുടെ പരാമർശം. ഇതേത്തുടർന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. പൂനെയിൽ ജിതേന്ദ്രയുടെ കോലം കത്തിച്ചു. ശ്രീരാമ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുംബയ് പൊലീസിൽ കേസും നൽകിയിട്ടുണ്ട്. ഖേദം പ്രകടിപ്പിച്ച ജിതേന്ദ്ര

പരാമർശം ആരെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും വിവാദം നീട്ടിക്കൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. എന്നാൽ താൻ പഠിക്കാതെ ഒന്നും പറയാറില്ല. അയോദ്ധ്യകാണ്ഡത്തിലെ ശ്ലോകം വായിച്ച് നോക്കണമെന്നും പറഞ്ഞു.

ബാലാസാഹേബ് താക്കറെ ജീവിച്ചിരുന്നെങ്കിൽ ശിവസേനയുടെ സാമ്‌ന പത്രം ‘രാമൻ മാംസാഹാരി’ ആയിരുന്നെന്ന പരാമർശത്തെ വിമർശിക്കുമായിരുന്നെന്ന് ബി.ജെ.പി എം.എൽ.എ റാം കദം വിമർശിച്ചു.