തിരുവനന്തപുരം : മാരക ആയുധങ്ങളുമായെത്തിയ ലഹരി സംഘം സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ വീടും കുടുംബവീടും വാഹനങ്ങളും അടിച്ചു തകർത്തു. വാതിലുകൾ വെട്ടിപൊളിച്ച് വീടിനകത്തു കയറിയ സംഘം വീട്ടുപകരണങ്ങളും ജനാലകളും അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് വീടിന് തീയിടുകയും ചെയ്തു. സമീപത്തെ രണ്ട് വീടുകളും ആക്രമിച്ചു. ശബ്ദം കേട്ട് ഉണർന്ന അയൽവാസികൾ സംഘടിച്ച് പുറത്തിറങ്ങി ബഹളം വച്ചതോടെ അക്രമികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. രണ്ട് പേർ കസ്റ്റഡിലിലെന്നാണ് വിവരം.
കുന്നുകുഴി പൂച്ചെടിവിള കോളനിയിൽ ഇന്നലെ പുലർച്ചെ 12.30നായിരുന്നു ആക്രമണം. സി.പി.എം പുളിമൂട് ബ്രാഞ്ച് മുൻ സെക്രട്ടറിയും ഇപ്പോൾ സി.പി.എം അംഗവുമായ മനുവേണുഗോപാലിന്റെ വീടും തൊട്ടടുത്തുള്ള കുടുംബവീടുമാണ് ആക്രമിച്ചത്. മനുവിന്റെയും ബന്ധുവിന്റെയും ഇരുചക്രവാഹനങ്ങളും തകർത്തു. ആക്രണത്തിന് പിന്നിൽ കോളനിയിലെ ലഹരി സംഘത്തിൽപ്പെട്ടവരാണെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുലാൽ,അഭിലാൽ,ശ്രീജിത്, അച്ചു,നിഖിൽ,ലുക്ക,അജുലാൽ,ബിജുലാൽ എന്നിവരടക്കം 15ഓളം പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഞ്ചാവ് സംഘത്തിന്റെ പ്രവർത്തനം കോളനിയിലുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇത് നേരത്തെ മനുവും നാട്ടുകാരും ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം പിന്നിലെന്ന് പൊലീസ് പറയുന്നു.
നായയെ അഴിച്ചുവിട്ടത് തുടക്കം
ഈ അടുത്തിടെ ബിജുലാലിന്റെ വളർത്തുനായ മനുവിനെ ആക്രമിച്ചിരുന്നു.നായയെ കെട്ടിയിട്ട് വളർത്തണമെന്ന് മനു പറഞ്ഞിരുന്നു.തിങ്കളാഴ്ച്ച റോഡിലൂടെ മനു നടന്നു വരവെ ബിജുലാൽ നായയെ അഴിച്ചുവിട്ടു.ഇതിന്റെ പേരിൽ ഇവർ തമ്മിൽ തർക്കമുണ്ടായി. പിന്നാലെ രാത്രിയിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഈ സമയം മനുവും ഭാര്യയും മൂന്നു മക്കളും അച്ഛൻ വേണുഗോപാലും അമ്മ രേണുകയും വീട്ടിലുണ്ടായിരുന്നു. വാതിൽ വെട്ടിപൊളിച്ച് അക്രമികൾ വീടിനുള്ളിൽ കയറിയ സമയം വീട്ടുകാർ അകത്തെ മുറിയിൽ കയറി ഒളിച്ചു. തുടർന്ന് എൽ.ഇ.ഡി ടിവി അടക്കം രണ്ട് ടി.വികളും,മൊബൈൽ ഫോൺ, മുൻവശത്തെ 6 ജനാലകൾ, തടി അലമാര, രണ്ട് വാതിലുകൾ, തയ്യൽ മെഷിൻ എന്നിവ അടിച്ചു തകർത്തു. പിന്നീട് തയ്യൽ മെഷീന് തീയിട്ടു. മനു തൊട്ടടുത്തുള്ള കുടുംബ വീട്ടിൽ ഉണ്ടാകുമെന്നു കരുതി അവിടെയും ഇവർ ആക്രമണം നടത്തി. ഈ വീടിനു മുൻപിൽ ഇരുന്ന മനുവിന്റെ സ്കൂട്ടറും ബന്ധുവിന്റെ ബൈക്കും അടിച്ചു തകർക്കുകയും പെട്രോൾ ടാങ്ക് വെട്ടിപ്പൊളിക്കുകയും ചെയ്തു.