
കോഴിക്കോട്: സുഹൃത്തിനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടുകൊന്ന യുവാവ് പിടിയിൽ. വേങ്ങേരി സ്വദേശി മജീദിനെയാണ് സുഹൃത്ത് ലാലു കൊലപ്പെടുത്തിയത്. തടമ്പാട്ടുതാഴത്ത് ഡിസംബർ 31ന് അർദ്ധരാത്രിയായിരുന്നു കൊലപാതകം നടന്നത്.
അബ്ദുൾ മജീദ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. സംഭവ ദിവസം രാത്രി അബ്ദുൾ മജീദും സുഹൃത്തുക്കളും മദ്യപിക്കാൻ വേണ്ടി കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
മണിക്കൂറുകൾ നീണ്ട മദ്യപാനത്തിനിടെ മജീദും ലാലുവും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. ഇതിനിടയിൽ ലാലു അബ്ദുൾ മജീദിനെ പിടിച്ച് തള്ളി. വീഴ്‌ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അബ്ദുൾ മജീദ് കെട്ടിടത്തിൽ നിന്ന് വീണതാണെന്നായിരുന്നു ആദ്യഘട്ടത്തിൽ സുഹൃത്തുക്കളെല്ലാം പറഞ്ഞിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സത്യം പുറത്തുവന്നത്.