
കൊച്ചി: രണ്ടു ദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ശക്തമായി തിരിച്ചുകയറി. ബോംബെ ഓഹരി സൂചിക 490.97 പോയിന്റ് ഉയർന്ന് 71,847.5ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 141.25 പോയിന്റ് നേട്ടവുമായി 21,658.6ൽ വ്യാപാരം പൂർത്തിയാക്കി. ബജാജ് ഫിനാൻസ്, ടാറ്റ കൺസ്ട്രക്ഷൻസ്, എൻ.ടി.പി.സി, ഒ.എൻ.ജി.സി, അദാനി പോർട്ട്സ്, ആക്സിസ് ബാങ്ക് എന്നിവയാണ് ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
ഡിസംബറിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്നും റെക്കാഡ് ഓഹരികളാണ് വാങ്ങിയതെന്ന റിപ്പോർട്ടുകൾ നിക്ഷേപകർക്ക് ആവേശം പകർന്നു. കഴിഞ്ഞ മാസം 66,135 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഓഹരി വിപണിയിലെത്തിയത്.
നടപ്പുവർഷം മുഖ്യ പലിശ നിരക്കുകൾ കുറയുമെന്ന അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ പ്രഖ്യാപനമാണ് ഓഹരി വിപണിയിലേക്ക് പണമൊഴുക്ക് കൂടാൻ കാരണമെന്ന് ബ്രോക്കർമാർ പറയുന്നു.
രൂപ ശക്തിയാർജിക്കുന്നു
വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് കൂടിയതോടെ അമേരിക്കൻ ഡോളറിനെതിരെ രൂപ കരുത്താർജിക്കുന്നു. ഇന്നലെ രൂപയുടെ മൂല്യം എട്ട് പൈസ ഉയർന്ന് 83.22 ൽ വ്യാപാരം പൂർത്തിയാക്കി.