k

നേരിൽ കാണാൻ ഇനിയൊരിക്കലും കഴിയാത്ത അവസ്ഥയിലേക്ക് എന്റെ പ്രിയ സുഹൃത്ത് ത്രിവിക്രമൻ കടന്നുപോയിട്ട് ഇന്ന് രണ്ടു വർഷം തികയുന്നു. മനോവേദനയുടെ ഒരു ദിവസം. ഈ ഭൂമിയിൽ എല്ലാ കാലത്തും ഉണ്ടായിരിക്കണം എന്ന് നാം ആഗ്രഹിച്ചു പോകുന്ന ചില ആളുകൾ ഉണ്ടല്ലോ. അവരുടെ സാന്നിദ്ധ്യം വല്ലാത്തൊരു സുഖമായതുകൊണ്ട് തന്നെ. അക്കൂട്ടത്തിൽ ഒരാളാണ് ഇദ്ദേഹം.

കാലം പോകെ എല്ലാ നഷ്ടബോധങ്ങളുമായും നാം സമരസപ്പെട്ട് പോകും എന്നാണ് സാധാരണ പറയാറ്. പക്ഷേ, ഈ നിയമത്തിനും ചില നീക്കുപോക്കുകളുണ്ട് എന്നും കാലം പോകെ നാം തിരിച്ചറിയുന്നു. ആ തിരിച്ചറിവിന്റെ കൂടെ അത്തരം ആളുകളെ എന്തുകൊണ്ടാണ് മറക്കാനാവാത്തത് എന്ന് നാം ചിന്തിക്കാൻ ഇട വരുന്നു.

അങ്ങനെ ചിന്തിക്കുമ്പോൾ ത്രിവിക്രമനെ കുറിച്ച് എനിക്ക് കണ്ടുകിട്ടുന്ന ഒരു പ്രത്യേകത അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ്. പ്രത്യേകിച്ചും സുഹൃത്തുക്കളോട് അദ്ദേഹം പുലർത്തിയ വിട്ടുവീഴ്ചയില്ലാത്ത ആത്മാർത്ഥത. ഈ ഭൂമിയിൽ മറ്റെന്തിനേക്കാളും വിലയുള്ളതാണ് സുഹൃത്ത് സ്‌നേഹം എന്ന് അദ്ദേഹം കരുതി. ആ കരുതലിൽ നിന്നാണ് അദ്ദേഹത്തിന്റെ ജീവിതത്തിന് വളവും വെള്ളവും ഊർജ്ജവും കിട്ടിക്കൊണ്ടിരുന്നത്.

വയലാർ രാമവർമ്മ എന്ന നിഷ്‌കളങ്കനായ കവിയെ ആത്മാർത്ഥമായി സ്‌നേഹിച്ച ഒരുപാട് പേർ നമുക്ക് ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് അറിയാത്തവർ പോലും ആ അകാലമരണത്തിൽ അത്യധികം വേദനിച്ചു. പക്ഷേ, ഇവരിൽ മിക്കവരും കാലം പോകെ കാലസ്വഭാവം അനുസരിച്ച് അന്യകാര്യ പ്രസക്തരായി. പക്ഷേ, ആ ഒരു സ്‌നേഹത്തിനു വേണ്ടി ഒരാൾ തന്റെ ആജീവനാന്ത പ്രയത്നം ഉഴിഞ്ഞുവച്ചു. കറ കളഞ്ഞ ആത്മസമർപ്പണത്തിന്റെ കഥയാണ് വയലാർ രാമവർമ്മ ട്രസ്റ്റിന്റെ ചരിത്രം.

ഒരു കാര്യം തീർച്ചയാണ്, സി. വി. ത്രിവിക്രമൻ എന്നൊരാൾ ഇല്ലായിരുന്നെങ്കിൽ അങ്ങനെയൊരു സ്ഥാപനം ഉണ്ടാകുമായിരുന്നില്ലെന്ന് പറയാൻ വയ്യെങ്കിലും അത് ഇങ്ങനെയൊക്കെ ആകുമായിരുന്നില്ല എന്ന് തീർത്തും പറയാം. അത്രമാത്രം പഴികേട്ടും പ്രയാസങ്ങൾ നേരിട്ടും പ്രയത്നിച്ചും മുഴു മനസ്സോടെ തന്റെ ആത്മാർത്ഥസുഹൃത്തിന്റെ ഓർമ്മ ഗംഭീരമായി നിലനിറുത്താൻ വേണ്ടി ഇദ്ദേഹം അഹോരാത്രം പണി ചെയ്തു. ഇത്തരം ഒരു അനുഷ്ഠാനം സാഹിത്യത്തിന്റെ ലോകചരിത്രത്തിൽ വേറെങ്ങാനും ഉണ്ടോ എന്ന് എനിക്കറിയില്ല, എന്റെ ശ്രദ്ധയിൽ ഏതായാലും പെട്ടിട്ടില്ല.

നാലു പതിറ്റാണ്ട് കാലത്തെ പരിചയം ഞങ്ങൾ തമ്മിലുണ്ട്. ഫോണിലും നേരിട്ടുമായി മണിക്കൂറുകൾ സംസാരിക്കാറുണ്ട്. ഈ സംസാരത്തിൽ 99%വും വയലാർ രാമവർമ്മ ട്രസ്റ്റിന്റെ കാര്യങ്ങളായിരുന്നു. ആ സ്ഥാപനത്തിനുവേണ്ടി നാളെയും എന്തൊക്കെ ചെയ്യാൻ കഴിയും എന്നായിരുന്നു പരാമർശം.ഒരു വിജയിയായ രാഷ്ട്രീയക്കാരനോ വ്യവസായിയോ നിയമജ്ഞനോ ആകാനുള്ള എല്ലാ കഴിവുകളും തികഞ്ഞ ഒരാൾ ഒരു സൗഹൃദത്തിന്റെ സ്മരണയ്ക്കായി താജ്മഹൽ പണിത് അനശ്വരനായി. ഈ വലിയ ഭൂമിയിൽ ആരോടെങ്കിലും ശത്രു ഭാവത്തോടെ അപ്രിയം പറയുകയോ ആരെയെങ്കിലും സ്ഥായിയായി വെറുക്കുകയോ ചെയ്തിട്ടില്ലാത്തവർ എത്രപേരുണ്ട് നിങ്ങളുടെ അറിവിൽ എന്ന് ചോദിച്ചാൽ നമ്മിൽ ആർക്കും ഏറെ വിരലുകൾ ഒന്നും എണ്ണി മടക്കാൻ കഴിയില്ല. പക്ഷേ ഒരു വിരൽ കൃത്യമായി മടക്കാൻ എനിക്ക് സാധിക്കും! ആ ആളുടെ പേരാണ് സി.വി ത്രിവിക്രമൻ.

പ്രിയ സുഹൃത്തേ, ഞങ്ങൾക്ക് ഇനി താങ്കളെ കാണാനാവില്ല എങ്കിലും താങ്കൾചിരഞ്ജീവിയാണ് എന്ന് ഞങ്ങൾ അറിയുന്നു.

സ്വസ്തി!