
തിരുവനന്തപുരം:തലസ്ഥാനത്തുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദേശീയപാതയിൽ ആറ്റിങ്ങലിന് സമീപം തോന്നയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.ബൈക്ക് യാത്രികനാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയോടെ ലൈഫ് സയൻസ് പാർക്കിന് മുന്നിലായിരുന്നു അപകടം. കാറും ബൈക്കും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
മംഗലപുരത്തുനിന്ന് ആറ്റിങ്ങലിലേക്ക് പോവുകയായിരുന്നു ബൈക്ക്. അമിത വേഗത്തിൽ വന്ന ബൈക്ക് എതിർ ദിശയിൽ നിന്നുവന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബൈക്കിൽ നിന്ന് ഒരു മൊബൈൽഫോണും ആദിത്യൻ എന്ന് പേരുള്ള ഒരു തിരിച്ചറിയൽ കാർഡും ലഭിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് അറിയുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വെളളയമ്പലത്ത് സ്വകാര്യബസ് അപകത്തിൽപ്പെതാണ് രണ്ടാമത്തേത്. ഇതിൽ നിരവധിപേർക്ക് പരിക്കേറ്റു. ബസ് റോഡുവക്കിലെ മതിലിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇന്ന് ഉച്ചയോടെ നടന്ന അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.