public-one

കൊച്ചി: പൊതുമേഖലാ കമ്പനികൾ ലാഭവിഹിതമായി വൻതുക നൽകിയതോടെ ഇന്ത്യയുടെ ധന കമ്മി കുത്തനെ കുറയാൻ സാദ്ധ്യത തെളിയുന്നു. നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ പ്രമുഖ പൊതുമേഖലാ കമ്പനികൾ ചേർന്ന് 60,000 കോടി രൂപയുടെ ലാഭവിഹിതം സർക്കാരിന് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒൻപത് മാസത്തിൽ ലാഭവിഹിതമായി 43,800 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ ലക്ഷ്യമിട്ട 43,000 കോടി രൂപയിലധികം സമാഹരിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ ധനസ്ഥിതി ഏറെ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്. അടുത്ത മൂന്ന് മാസത്തിൽ 18,000 കോടി രൂപയിലധികം ഈ ഇനത്തിൽ സർക്കാർ ഖജനാവിലെത്തുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. മുൻവർഷം വിവിധ പൊതു മേഖലാ കമ്പനികൾ ചേർന്ന് 59,500 കോടി രൂപ ലാഭവിഹിതമായി സർക്കാരിന് നൽകിയിരുന്നു.

ഇതോടൊപ്പം റിസർവ് ബാങ്കിൽ നിന്നും ഇത്തവണയും അൻപതിനായിരം കോടി രൂപയിലധികം ലാഭവിഹിതം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 87,416 കോടി രൂപയുടെ ലാഭവിഹിതമാണ് റിസർവ് ബാങ്ക് കേന്ദ്ര സർക്കാരിലേക്ക് നൽകിയത്.

നികുതി ഇതര വിഭാഗത്തിലെ ഏറ്റവും വലിയ വരുമാന സ്രോതസാണ് പൊതുമേഖലാ കമ്പനികളിൽ നിന്നുള്ള ലാഭവിഹിതം. വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തവണയും പരമാവധി ലാഭവിഹിതം പ്രഖ്യാപിക്കാൻ പൊതു മേഖലാ കമ്പനികൾക്ക് മേൽ സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നു.

ഡിസംബറിൽ കോൾ ഇന്ത്യയിൽ നിന്നും 5,933 കോടി രൂപയാണ് കേന്ദ്ര സർക്കാരിന് ലാഭവിഹിതം ലഭിച്ചത്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ 4,260 കോടി രൂപയും ബി.പി.സി.എൽ 2,413 കോടി രൂപയും ലാഭവിഹിതം നൽകി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 3,616 കോടി രൂപയാണ് ലാഭവിഹിതം നൽകിയത്. പവർഗ്രിഡ് കോർപ്പറേഷനിൽ നിന്നും 1,910 കോടി രൂപയാണ് ലഭിച്ചത്.

ഓഹരി വില്പന താളം തെറ്റുന്നു

നടപ്പു സാമ്പത്തിക വർഷത്തിൽ വിവിധ പൊതു മേഖലാ ബാങ്കുകളുടെ ഓഹരി വില്പനയിലൂടെയും സ്വകാര്യവൽക്കരണ നടപടികളിലൂടെയും 51,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ഇനത്തിൽ 30,000 കോടി രൂപ പോലും സമാഹരിക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. വിവിധ കാരണങ്ങളാൽ ഓഹരി വിറ്റഴിക്കൽ നടപടികൾ ഇഴഞ്ഞ് നീങ്ങുന്നതിന്റെ നഷ്ടം ലാഭവിഹിത ഇനത്തിൽ നികത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ജി.എസ്.ടി വരുമാനത്തിലെ കുതിപ്പ് ആശ്വാസം

കഴിഞ്ഞ ഏഴ് മാസമായി തുടർച്ചയായി പ്രതിമാസം 1.6 ലക്ഷം കോടി രൂപയിലധികം ജി.എസ്.ടി വരുമാനം ലഭിക്കുന്നതാണ് കേന്ദ്രത്തിന്റെ ധനകമ്മി നിയന്ത്രണ വിധേയമാകുന്നതിന് ഏറെ സഹായിക്കുന്നത്. വരുമാന നികുതി ഇനത്തിലും റെക്കാഡ് തുക സമാഹരിക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നു.