
കേരളീയർ പൊളിയാണെന്ന് ദുബായിൽ പാടി തെളിയിച്ച് ഒരു കണ്ണൂരുകാരി. യുഎഇയിൽ താമസമാക്കിയ 18കാരിയായ സുചേത സതീഷാണ് 140 ഭാഷകളിൽ പാടി ഗിന്നസ് ലോക റെക്കാഡ് സ്വന്തമാക്കിയിരിക്കുന്നത്. ദുബായിൽ വച്ചുനടന്ന യു എൻ കാലാവസ്ഥാ സമ്മേളനത്തിൽ ഒൻപത് മണിക്കൂർ പാടിയാണ് ഈ കണ്ണൂരുകാരി ലോകത്തെ ഞെട്ടിച്ചത്. പൂനെ സ്വദേശിയായ പാട്ടുകാരി മഞ്ജുശ്രീ ഓക് 121 ഭാഷകളിൽ പാടിയ റെക്കാഡാണ് സുചേത തിരുത്തിക്കുറിച്ചത്.
2021ലെ സ്വന്തം റെക്കാഡാണ് രണ്ടുവർഷത്തിനിപ്പുറം സുചേത തന്നെ തിരുത്തിയത്. 2021ൽ 120 ഭാഷകളിലായാണ് സുചേത പാടിയത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബോധവത്‌കരണം നൽകുന്നതിനായി സംഘടിപ്പിച്ച പരിപാടിയിലാണ് സുചേത താരമായത്.
തനിക്ക് 145 ഭാഷകളിലായി പാടാൻ സാധിക്കുമെന്നും എന്നാൽ ഉച്ചകോടിയിൽ പങ്കെടുത്ത 140 രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഈ സംഖ്യ തിരഞ്ഞെടുത്തതെന്നും സുചേത വ്യക്തമാക്കി. കുറഞ്ഞത് മൂന്ന് മിനിട്ട് ദൈർഘ്യത്തിൽ ഓരോ ഭാഷയിലെ പാട്ടും സുചേത മുഴുവനായി പാടിയിരുന്നു.
140 ഭാഷകളിൽ പാടാൻ ശ്രമിച്ചത് മറ്റ് രാജ്യങ്ങളിലുള്ള അനേകം പേരുമായി ബന്ധപ്പെടാൻ അവസരമൊരുക്കിയെന്ന് ദുബായിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയായ സുചേത പറഞ്ഞു. 'രാജ്യാതിർത്തികൾ കടന്നും സംഗീതം' എന്നതാണ് തന്റെ മോട്ടോയെന്നും സുചേത വ്യക്തമാക്കി.
പത്താം വയസിലാണ് സുചേത വിവിധ ഭാഷകളിലെ പാട്ടുകൾ പഠിക്കാൻ ആരംഭിച്ചത്. പിതാവിന്റെ ജാപ്പനീസ് സുഹൃത്ത് പാടുന്നത് കേട്ടതായിരുന്നു പ്രചോദനം. തുടർന്ന് ജാപ്പനീസ് പാട്ട് പാടി കേൾപ്പിച്ചപ്പോൾ അനേകം കയ്യടി ലഭിച്ചു. തുടർന്ന് വിവിധ ഭാഷകളിലെ പാട്ടുകൾ ഹൃദ്യസ്ഥമാക്കാൻ തുടങ്ങിയെന്നും സുചേത പറയുന്നു. ഇന്ത്യയിലെ തന്നെ അനേകം ഗോത്ര ഭാഷകൾ പഠിക്കാൻ സാധിച്ചതായും 18കാരി കൂട്ടിച്ചേർത്തു.
സംഗീതത്തിലുള്ള സുചേതയുടെ അഭിരുചി അച്ഛനമ്മമാരായ ടി സി സതീഷും സുമിത ആയില്യത്തും നാലാം വയസിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. കർണാടിക് സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീത്തിലും സുചേത പ്രാവീണ്യം നേടിയിട്ടുണ്ട്.