sudhi

ആലപ്പുഴ: യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുന്നപ്ര വടക്കു പഞ്ചായത്ത് വെളിയിൽ പരേതനായ ബാബുവി​ന്റെ ഭാര്യ പ്രസന്നയാണ് (68) മരി​ച്ചത്. കേസിൽ വാടയ്ക്കൽ കയറ്റുകാരൻ പറമ്പിൽ സുധിയപ്പനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. സുധിയപ്പൻ എന്ന് വിളിക്കുന്ന സുധിയുടെ ഭാര്യ ഒരു മാസം മുമ്പ് പ്രസന്നയുടെ മകൻ വിനീഷിന്റെ കൂടെ ഇറങ്ങിപ്പോയിരുന്നു. ഇതി​നുശേഷം ഇടയ്ക്കി​ടെ സുധി​യപ്പൻ വി​നീഷി​ന്റെ വീട്ടി​ലെത്തി​ വഴക്കുണ്ടാക്കുമായി​രുന്നു.

മക്കൾ സുധിക്കൊപ്പമാണ് താമസിക്കുന്നത്. മകന്റെ ചികിത്സയ്ക്കായി നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം ഭാര്യയുടെ അക്കൗണ്ടിലാണെന്നും ഇത് ചോദിക്കാനാണ് വിനീഷിന്റെ വീട്ടിൽ പോയതെന്നുമാണ് പ്രതിയുടെ മൊഴി. തർക്കത്തിനിടയിൽ പ്രതി കൈയി​ൽ കരുതി​യി​രുന്ന കമ്പി​വടി​കൊണ്ട്‌ പ്രസന്നയെയും വി​നീഷി​നെയും തലയ്ക്കടി​ക്കുകയായിരുന്നു.

വഴക്കിനിടയിൽ സുധിയ്ക്കും നിസാര പരിക്കേറ്റു. വി​വരമറി​ഞ്ഞ് പുന്നപ്ര പൊലീസെത്തി​യാണ് മൂവരെയും ആലപ്പുഴ മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ലെത്തി​ച്ചത്. പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഇയാൾ മറ്റൊരു കൊലക്കേസിലും പ്രതിയാണ്.