cricket

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനത്തിൽ വിജയം കണ്ട് ഇന്ത്യ

ഇന്ത്യയുടെ വിജയം ഏഴുവിക്കറ്റിന്, പരമ്പര 1-1ന് സമനിലയിൽ

ആദ്യ ഇന്നിംഗ്സിൽ ആറുവിക്കറ്റ് വീഴ്ത്തിയ സിറാജ് മാൻ ഒഫ് ദമാച്ച്

ജസ്പ്രീത് ബുംറയും ഡീൻ എൽഗാറും മാൻ ഒഫ് ദ സിരീസ് പങ്കിട്ടു

107

ഏറ്റവും കുറച്ച് ഓവറുകൾ കൊണ്ട് അവസാനിച്ച ടെസ്റ്റ് മത്സരം എന്ന റെക്കാഡ് കേപ്ടൗൺ ടെസ്റ്റിന് സ്വന്തം. നാല് ഇന്നിംഗ്സുകളിലുമായി 107 ഓവറുകൾ (642 പന്തുകൾ) മാത്രമാണ് എറിഞ്ഞത്. 1932ൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ മെൽബണിൽ 109.3 ഓവറുകളിൽ (656പന്തുകൾ) അവസാനിച്ച മത്സരത്തിന്റെ റെക്കാഡാണ് കേപ്ടൗണിൽ തകർന്നു വീണത്.

കേപ്ടൗൺ : ബൗളർമാരെ അതിരറ്റ് സ്നേഹിച്ച കേപ്ടൗണിലെ പുല്ല് നിറഞ്ഞ പിച്ചിൽ രണ്ട് ദിവസം കൊണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഏഴുവിക്കറ്റിന്റെ വിജയം കണ്ട ഇന്ത്യ രണ്ട് മത്സരപരമ്പര 1-1ന് സമനിലയിലാക്കി.

23 വിക്കറ്റുകൾ പൊഴിഞ്ഞ ആദ്യ ദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് വെറും 55 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 153 റൺസിൽ ആൾഒൗട്ടായശേഷം ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്സിൽ 62/3 എന്ന നിലയിലെത്തിച്ചാണ് കളിനിറുത്തിയിരുന്നത്. രണ്ടാം ദിനമായ ഇന്നലെ എയ്ഡൻ മാർക്രമിന്റെ (106) സെഞ്ച്വറിയുടെ കരുത്തിൽ 176 റൺസ് വരെ എത്തിയാണ് ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്. തുടർന്ന് 79 റൺസ് ലക്ഷ്യവുമായി അവസാന ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ 12 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു.

വെറും 15 റൺസ് നൽകി ആദ്യ ഇന്നിംഗ്സിൽ ആറുവിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജാണ് മാൻ ഒഫ് ദ മാച്ചായത്. രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ്കൂടി സിറാജിന് ലഭിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സിലെ ആറുവിക്കറ്റും ഒന്നാം ഇന്നിംഗ്സിലെ രണ്ടുവിക്കറ്റും ആദ്യ ടെസ്റ്റിലെ നാലുവിക്കറ്റും ഉൾപ്പടെ പരമ്പരയിലാകെ 12 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ മാൻ ഒഫ് സിരീസ് പുരസ്കാരം അവസാന മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാറിനൊപ്പം പങ്കിട്ടു. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ എൽഗാർ(185) പരമ്പരയിലാകെ 201 റൺസാണ് നേടിയത്.

ഇതോടെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം പൂർത്തിയായി. മൂന്ന് ട്വന്റി-20 കളുടെ പരമ്പര 1-1ന് സമനിലയിലായപ്പോൾ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കാൻ കഴിഞ്ഞു. പിന്നാലെയാണ് ടെസ്റ്റ് പരമ്പര സമനിലയിലാക്കിയത്.

കേപ്ടൗണിലെ കളി

55

റൺസിനാണ് ടോസ് നേടി ബാറ്റിംഗിനറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ ആൾഒൗട്ടായത്. ഒൻപത് ഓവറിൽ മൂന്ന് മെയ്ഡനടക്കം 15 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് സിറാജിന്റെ മാസ്മരിക ബൗളിംഗാണ്

ആതിഥേയർക്ക് മേൽ അശനിപാതമായി പതിച്ചത്. രണ്ട് വിക്കറ്റുകൾ വീതം നേടി ബുംറയും മുകേഷും കൂടി പിന്തുണച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്ക് എതിരായ ഏറ്റവും കുറഞ്ഞ സ്കോറിൽ പുറത്താവേണ്ടിവന്നു. 15 റൺസ് നേടിയ കൈൽ വെറെയ്നായിരുന്നു ആതിഥേയ ഇന്നിംഗ്സിലെ ടോപ് സ്കോററർ.

153

മറുപടി ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ (0) ഡക്കായശേഷം രോഹിത് (39),ഗിൽ (36),വിരാട് (46) എന്നിവർ പൊരുതിയപ്പോൾ ലീഡ് നേടിയ ഇന്ത്യയ്ക്ക് 153/4 എന്ന സ്കോറിൽ നിന്ന് 153ന് ആൾഒൗട്ട് എന്ന നിലയിലേക്ക് മാറേണ്ടിവന്നു. രണ്ട് ഓവറുകളിൽ മൂന്നുവിക്കറ്റുകൾ വീതം വീഴ്ത്തി എൻഗിഡിയും റബാദയും ചേർന്നാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്. പൂജ്യം റൺസെടുക്കുന്നതിനിടെയാണ് അവസാന ആറുവിക്കറ്റുകൾ വീണത്. ആറുപേരാണ് ഡക്കായത്.നാൻദ്രേ ബർഗറും മൂന്ന് വിക്കറ്റ് വീഴ്ത്തി.

176

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആതിഥേയർക്ക് ആദ്യ ദിനം മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു.ഇന്നലെ 62/3 എന്ന നിലയിൽ ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണർ എയ്ഡൻ മാർക്രം (106) ഒറ്റയ്ക്ക് പൊരുതി. 13.5 ഓവറിൽ 61 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുകേഷും ഓരോ വിക്കറ്റ് വീഴ്ത്തിയ സിറാജും ചേർന്നാണ് പതനം പൂർത്തിയാക്കിയത്. ബേഡിംഗ്ഹാം (11), കൈൽ വെറൈൻ (9),മാർക്കോ യാൻസെൻ(11), കേശവ് മഹാരാജ് (3), മാർക്രം(106), റബാദ (2),എൻഗിഡി (8)എന്നിവരാണ് ഇന്നലെ പുറത്തായത്.

80/3

79 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ പന്തുതന്നെ ബൗണ്ടറി പറത്തി യശസ്വി ജയ്സ്വാൾ നയം വ്യക്തമാക്കിയിരുന്നു. 23 പന്തുകളിൽ ആറു ഫോറടക്കം 28 റൺസടിച്ച യശ്വസി ആറാം ഓവറിൽ ടീം സ്കോർ 44 ലെത്തിച്ചശേഷമാണ് ബർഗറുടെ പന്തിൽ സ്റ്റബ്സിന് ക്യാച്ച് നൽകി കൂടാരം കയറിയത്. തുടർന്ന് ശുഭ്മാൻ ഗിൽ (10),വിരാട് കൊഹ്‌ലി (12) എന്നിവർ കൂടി പുറത്തായെങ്കിലും ശ്രേയസ് അയ്യരെ(4 നോട്ടൗട്ട്) ഒപ്പംം നിറുത്തി നായകൻ രോഹിത് ശർമ്മ(16 നോട്ടൗട്ട്) 12 ഓവറിൽ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.