
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി നടത്തുന്ന രണ്ടാം യാത്രയുടെ പേര് മാറ്റി. 'ഭാരത് ന്യായ യാത്ര' എന്ന പേര് 'ഭാരത് ജോഡോ ന്യായ് യാത്ര' എന്നാണ് മാറ്റിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആണ് ഇക്കാര്യം അറിയിച്ചത്. ഭാരത് ജോഡോ യാത്ര ജനങ്ങളുടെ ഒരു ബ്രാൻഡായി മനസിൽ പതിഞ്ഞെന്നും അത് നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, യുപി, മദ്ധ്യപ്രദേശ് , രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് ഇതിൽ അരുണാചൽ പ്രദേശും ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ആകെ 15 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ജനുവരി 14ന് മണിപ്പൂരിലെ ഇംഫാലിൽ നിന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന യാത്ര 66 ദിവസം കൊണ്ട് 6,700 കിലോമീറ്റർ പിന്നിടും. 110 ജില്ലകളാണ് കവർ ചെയ്യുന്നത്. യാത്രയിൽ രാഹുൽ ഗാന്ധി ദിവസവും രണ്ടുതവണ പ്രസംഗിക്കും.
യാത്ര യുവജനങ്ങളുമായും സ്ത്രീകളുമായും പാർശ്വവൽക്കരിക്കപ്പെട്ടവരുമായും സംവദിക്കാൻ വേണ്ടിയാണ് ലക്ഷ്യമിടുന്നത്. ഭാരത് ജോഡോ യാത്രയിൽ കാൽനടയായാണ് രാഹുൽ ഗാന്ധി മുഴുവൻ സമയവും സഞ്ചരിച്ചതെങ്കിൽ ഇത്തവണ കൂടുതലും ബസിലായിരിക്കും യാത്ര. അവശ്യ ഘട്ടങ്ങളിൽ മാത്രമായിരിക്കും കാൽനടയായി സഞ്ചരിക്കുക.