
ഭോപ്പാൽ: സുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ എൻജിനിയറിങ് ബിരുദധാരി ഡാമിൽ മുങ്ങി മരിച്ചു. ഭോപ്പാൽ എൻ.ഐ.ടിയിൽ നിന്നും എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയ സരൾ നിഗം ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു ദാരുണ സംഭവം. അതേസമയം, അപകടത്തിൽപ്പെട്ട നായ നീന്തി കരക്കുകയറി. 23 വയസ്സുകാരനായ സരൾ യു.പി.എസ്‍.സി പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു.
രാവിലെ ഏഴരയോടെ സരൾ പെൺസുഹൃത്തുക്കൾക്കൊപ്പം നടക്കാനിറങ്ങി. തുടർന്ന് എട്ടരയോടെ പെൺകുട്ടികളിൽ ഒരാളുടെ നായ ഡാമിൽ വീഴുകയായിരുന്നു. സരളും പെൺകുട്ടികളും ചേർന്ന് നായക്കുട്ടിയെ രക്ഷിക്കാനായി ഡാമിൽ ഇറങ്ങി. ഇതിനിടെ ഒഴുക്കിൽ കാൽ തെറ്റി സരൾ ആഴത്തിലേക്ക് വീണു.
പെൺകുട്ടികൾ കരക്കുകയറിയെങ്കിലും സരൾ ഒഴുകിപ്പോയി. സഹായത്തിനായി പെൺകുട്ടികൾ നിലവിളിച്ചതോടെ വാച്ച്മാനെത്തി തിരഞ്ഞെങ്കിലും യുവാവിനെ കണ്ടില്ല. ശേഷം
പെൺകുട്ടികളിലൊരാൾ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. മുങ്ങൽ വിദഗ്ധരും എസ്.ഡി.ഇ.ആർ.എഫും ചേർന്ന് തിരഞ്ഞെങ്കിലും സരളിനെ കാണാനില്ല.ഒരു മണിക്കൂർ തെരച്ചിലിനൊടുവിലാണ് സരളിന്റെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കളുടെ ഏകമകനാണ് സരൾ. കെർവ ഡാം പരിസരത്ത് ജംഗിൾ ക്യാമ്പിനായാണ് സരൾ എത്തിയതെന്ന് എ.എസ്.ഐ ആനന്ദ്റാം യാദവ് പറഞ്ഞു. പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്.