pic

ടെഹ്‌റാൻ: ഇറാനിൽ ബുധനാഴ്ചയുണ്ടായ ഇരട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു. തങ്ങളുടെ രണ്ട് ചാവേറുകളാണ് കൃത്യം നിർവഹിച്ചതെന്നും ഇന്നലെ ടെലിഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഐസിസ് അറിയിച്ചു. സ്യൂട്ട്കേസ് ബോംബുകൾ പൊട്ടിത്തെറിച്ചെന്നായിരുന്നു ഇറാൻ അധികൃതരുടെ നിഗമനം. സ്ഫോടനത്തിന് പിന്നിൽ ഇസ്രയേലും യു.എസുമാണെന്ന് ആരോപിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. എന്നാൽ ആക്രമണത്തിൽ തങ്ങൾക്കോ ഇസ്രയേലിനോ പങ്കില്ലെന്ന് യു.എസ് പ്രതികരിച്ചിരുന്നു.

അതേസമയം, സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 84 ആണെന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹ്‌മ്മദ് വഹീദി അറിയിച്ചു. 103 പേർ മരിച്ചെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇത് പ്രാഥമിക കണക്കിൽ സംഭവിച്ച പിഴവാണെന്ന് അദ്ദേഹം വ്യക്തമാക്കി. 280 പേർക്ക് പരിക്കേറ്റു.

ഇറാൻ റെവലൂഷനറി ഗാർഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മുൻ തലവൻ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാർഷികദിന അനുസ്മരണത്തിനിടെയാണ് രാജ്യത്തെ ഞെട്ടിച്ച ഇരട്ട സ്ഫോടനമുണ്ടായത്. തെക്കൻ നഗരമായ കെർമാനിലെ സാഹിബ് അൽ - സമാൻ പള്ളിക്ക് സമീപം സുലൈമാനിയെ അടക്കിയ കബറിടത്തിന് സമീപമായിരുന്നു 13 മിനിറ്റ് ഇടവേളയിൽ സ്ഫോടനങ്ങളുണ്ടായത്.

യു.എൻ, യൂറോപ്യൻ യൂണിയൻ എന്നിവയും ചൈന, സൗദി അറേബ്യ, ജോർദ്ദാൻ, ജർമ്മനി, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. ഞെട്ടലും അഗാധമായ ദുഃഖവും രേഖപ്പെടുത്തിയ ഇന്ത്യ ദുരന്തത്തിനിരയായവർക്കും ഇറാൻ ഭരണകൂടത്തിനും ഐക്യദാർഢ്യം അറിയിച്ചു.