vandiperiyar-case-

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരെ സർക്കാർ സമർപ്പിച്ച ഫയൽ ഹെെക്കോടതി സ്വീകരിച്ചു. കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്. കേസിൽ പ്രതി അർജുന് നോട്ടീസ് അയച്ച കോടതി ഹർജി ഈ മാസം 29ന് പരിഗണിക്കാൻ മാറ്റി.

തെളിവുകളുടെ അഭാവത്തിലാണ് വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാൽ പ്രോസികൃൂഷൻ ഹാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നത്. ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടി തൂക്കിയ കേസിലെ പ്രതി അർജുനെ പ്രോസികൃൂഷന് കേസ് തെളിയിക്കാനാകാതെ പോയതിനാൽ വെറുതെ വിടുകയായിരുന്നു.

2021 ജൂൺ 30ന് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന് മൂന്ന് വയസുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 78 ദിവസങ്ങൾ കൊണ്ടാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് വിധി വന്നത്. വണ്ടിപ്പെരിയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നായിരുന്നു കോടതി പറഞ്ഞത്. കേസിൽ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണ് പരാമർശമുള്ളത്. തെളിവ് ശേഖരിച്ചതിൽ വീഴ്ചയുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമെന്നും കോടതി വിധി പറഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.