pic

കാഠ്മണ്ഡു: വൈദ്യുതി വ്യാപാരം സംബന്ധിച്ച ദീർഘകാല കരാറിൽ ഒപ്പിട്ട് ഇന്ത്യയും നേപ്പാളും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്നലെ നേപ്പാളിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും നേപ്പാൾ ഊർജ്ജ, ജലവിഭവ മന്ത്രി ശക്തി ബഹദൂർ ബാസ്നെറ്റിന്റെയും സാന്നിദ്ധ്യത്തിലാണ് ഒപ്പിട്ടത്. പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് നേപ്പാൾ 10,000 മെഗാവാട്ട് വൈദ്യുതി കയറ്റുമതി ചെയ്യും. കഴിഞ്ഞ വർഷം നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ പ്രചണ്ഡയുടെ ഇന്ത്യാ സന്ദർശനവേളയിലാണ് ധാരണയിലെത്തിയത്.

അതേസമയം,​ നേപ്പാൾ വിദേശകാര്യ മന്ത്രി എൻ.പി സൗദിനൊപ്പം ഏഴാമത് ഇന്ത്യ - നേപ്പാൾ ജോയിന്റ് കമ്മിഷൻ യോഗത്തിൽ ജയശങ്കർ പങ്കെടുത്തു. വ്യാപാര - സാമ്പത്തിക ബന്ധങ്ങളും,​ കര,​ റെയിൽ,​ വ്യോമ കണക്റ്റിവിറ്റി പദ്ധതികളും ചർച്ചയായി.

സാമൂഹിക വികസന പദ്ധതികളുടെ നടപ്പാക്കൽ,​ പുനരുപയോഗ ഊർജ വികസനത്തിലെ സഹകരണം,​ ഉപഗ്രഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളുടെ കൈമാറ്റവും നേപ്പാളിനായുള്ള ഭൂകമ്പാനന്തര സഹായത്തിന്റെ വിതരണവും കൂടിക്കാഴ്ചയ്ക്കിടെ നടന്നു.

മൂന്ന് ക്രോസ് - ബോർഡർ ട്രാൻസ്മിഷൻ ലൈനുകളുടെ ഉദ്ഘാടനം ഇരുവരും ചേർന്ന് നിർവഹിച്ചു. നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡ, പ്രസിഡന്റ് റാം ചന്ദ്ര പൗഡൽ എന്നിവരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.