
കോവളം: വാഴമുട്ടം ഗവ. ഹൈസ്കൂളിൽ നിന്ന് ലാപ്ടോപ്പും പ്രോജക്ടറും മോഷണം പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്, കേസന്വേഷണത്തനിടെ മോഷണം പോയ സാധനങ്ങൾ ഹെഡ്മിസ്ട്രസിന്റെ വീടിന്റെ മതിലിൽ കൊണ്ടുവന്നു വച്ചനിലയിൽ കണ്ടെത്തി. ഒപ്പം മാപ്പപേക്ഷിച്ച് ഒരു കത്തും കണ്ടെത്തി. 'ടീച്ചർ എന്നോട് ക്ഷമിക്കുക. ഇനി ഞാൻ ആവർത്തിക്കില്ല. എന്റെ വീട്ടുകാർക്കൊന്നും ഇതറിയില്ല. കേസാക്കി ആളുകളെ അറിയിച്ച് എന്നെ അപമാനിക്കരുത്. ' എന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്. വാഴമുട്ടം ഗവ. ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് വെങ്ങാനൂർ- പനങ്ങോട് സ്വദേശിയായ ശ്രീജയുടെ വീടിനു മുന്നിലെ മതിലിലാണ് കത്തും സാധനങ്ങളും കണ്ടെത്തിയത്.
രാവിലെ ഏഴോടെ മുറ്റമടിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് മതിലിൽ ഒട്ടിച്ചിരുന്ന കത്തും പ്ലാസ്റ്റിക് ചാക്കുകെട്ടും ശ്രീജയുടെ ശ്രദ്ധയിൽപ്പെട്ടത്.അടുത്തെത്തി കത്ത് പൊട്ടിച്ചു വായിച്ചു. ഉടൻ വീട്ടുകാരെയും തുടർന്ന് കോവളം പൊലീസിനെയും വിവരമറിയിച്ചു.പൊലീസെത്തി നടത്തിയ പരിശോധനയിൽ ചാക്കിൽ നിന്ന് ലാപ്ടോപ്,പ്രൊജക്ടർ എന്നിവ കണ്ടെടുത്തു
.ജനുവരി ഒന്നിനാണ് വാഴമുട്ടം ഗവ. ഹൈസ്കൂളിലെ ഹൈടെക് ക്ലാസ് മുറികളിൽ സൂക്ഷിച്ചിരുന്ന 4 ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടു ലാപ്ടോപ്പുകളും നാലു പ്രൊജക്ടറുകളും മോഷണം പോയത്. .മോഷണമുതൽ സ്കൂൾ ഹെഡ്മിസ്ട്രസിന്റെ വീട്ടിലെത്തിച്ച ശേഷം മോഷ്ടാവ് കത്തെഴുതി വച്ച് മുങ്ങുകയായിരുന്നു. എച്ച്.എമ്മിനെ അപകീർത്തിപ്പെടുത്താനും പണിഷ്മെന്റ് കിട്ടുന്നതിനുമാകാം മോഷ്ടാവ് ഇത് ചെയ്തതെന്നാണ് പൊലീസ് നിഗമനം.സ്റ്റേഷനിലെത്തിച്ച വസ്തുക്കൾ ഇന്ന് വൈകിട്ടോടെ വിരലടയാള വിദഗ്ദ്ധരെത്തി പരിശോധിച്ചു.