pic

മോസ്കോ : യുക്രെയിനിൽ റഷ്യക്ക് വേണ്ടി പോരാടുന്ന വിദേശ പൗരന്മാർക്കും അവരുടെ കുടുംബത്തിനും റഷ്യൻ പൗരത്വം ലഭിക്കുന്നതിന് അനുമതി നൽകുന്ന ഉത്തരവ് പുറപ്പെടുവിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുക്രെയിനിലെ പോരാട്ടത്തിന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കരാറിൽ ഒപ്പിട്ട വിദേശികൾക്ക് പൗരത്വത്തിനായി അപേക്ഷ നൽകാമെന്ന് ഉത്തരവിൽ പറയുന്നു. കുറഞ്ഞത് ഒരു വർഷത്തേക്ക് കരാറിലേർപ്പെട്ടവർക്കാണ് യോഗ്യത.

സൈന്യത്തിന് പുറമേ സ്വകാര്യ മിലിട്ടറി സംഘടനകൾക്കായി കരാറൊപ്പിട്ടവർക്കും ആനുകൂല്യം ലഭിക്കും. നിലവിൽ യുക്രെയിൻ പോരാട്ടത്തിൽ റഷ്യക്കൊപ്പം എത്ര വിദേശ പൗരന്മാരുണ്ടെന്ന് വ്യക്തമല്ല. ആഫ്രിക്കൻ, ക്യൂബൻ വംശജർ റഷ്യൻ സൈന്യത്തിനൊപ്പമുണ്ടെന്നാണ് സൂചന.

2022 ഫെബ്രുവരിയിൽ യുക്രെയിനിൽ അധിനിവേശം ആരംഭിച്ച ശേഷം 3,15,000ത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കപ്പെടുകയോ ചെയ്തെന്നാണ് യു.എസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 2022 സെപ്തംബറിൽ 3,00,000 അധികം സൈനികരെ കൂടി റഷ്യ യുക്രെയിനിലേക്ക് വിന്യസിച്ചിരുന്നു. തങ്ങളുടെ എത്ര സൈനികർ കൊല്ലപ്പെട്ടുവെന്നതിന്റെ കണക്ക് റഷ്യയോ യുക്രെയിനോ വ്യക്തമാക്കിയിട്ടില്ല.