
തൃശൂർ: കരുവന്നൂരിന് പിന്നാലെ തുമ്പൂർ സർവീസ് സഹകരണ ബാങ്കിലും ഇഡി അന്വേഷണം. വ്യാജ ആധാരം ഈടായി നൽകി ബാങ്ക് ഭരണ സമിതിയുടെ അറിവോടെ മൂന്നര കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒരു സ്വകാര്യ മാദ്ധ്യമം പുറത്തുവിട്ടിട്ടുണ്ട്.
ബാങ്കിന്റെ മുൻ ഭരണസമിതി അംഗങ്ങളെ ഉടൻ ചോദ്യം ചെയ്‌തേക്കും. കോൺഗ്രസ് പ്രാദേശിക നേതാവായ ബാങ്കിന്റെ മുൻ പ്രസിഡന്റ് ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് റിപ്പോർട്ടുകൾ. അൻവർ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് അന്വേഷണം നടത്തുകയും, ക്രമക്കേടുണ്ടായതായി കണ്ടെത്തുകയും ചെയ്തിരുന്നു.
കൊറ്റനല്ലൂർ വില്ലേജിലെ 116/2 സർവേ നമ്പറിലുള്ള ഭൂമി ഈടായി കാണിച്ചാണ് ലോണെടുത്തത്. 2017ൽ ഒരു കോടി എഴുപത് ലക്ഷം ലോൺ അനുവദിക്കുകയും ചെയ്തു. ഉടമയായ റെജി അറിയാതെയാണ് ഭൂമി ഈടായി നൽകാൻ ബാങ്ക് ഭരണസമിതി അംഗം യൂസഫ് കൊടകര പറമ്പിൽ വസ്തു നോട്ട റിപ്പോർട്ട് നൽകിയതെന്നാണ് വിവരം. സമാനമായ രീതിയിൽ വേറെയും തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.