
ബീജിംഗ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച നിർണായക സാമ്പത്തിക, സാമൂഹിക, വിദേശനയ പുരോഗതിയെ അഭിനന്ദിച്ച് ചൈനീസ് ദേശീയ മാദ്ധ്യമമായ ഗ്ലോബൽ ടൈംസ്. മോദിയുടെ ഭരണകാലയളവിൽ ഇന്ത്യ തന്ത്രപരമായി കൂടുതൽ ആത്മവിശ്വാസം കൈവരിച്ചതായി ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഷാങ്ങ്ഹായിയിലെ ഫുഡാൻ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് ഡയറക്ടർ ഷാംഗ് ജിയാഡോംഗ് ആണ് ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ടാബ്ലോയ്ഡ് ദിനപത്രമായ ഗ്ലോബൽ ടൈംസിൽ ഇന്ത്യയെ പ്രശംസിച്ച് ലേഖനമെഴുതിയത്.
ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ച, നഗര വികസനം, ചൈനയോട് അടക്കമുള്ള അന്താരാഷ്ട്ര ബന്ധങ്ങളിലെ മാറ്റം എന്നിവ ലേഖനത്തിൽ പറയുന്നു. ഇന്ത്യ ഇപ്പോൾ തങ്ങളുടെ കയറ്റുമതി സാദ്ധ്യതകൾക്ക് കൂടുതൽ ഊന്നൽ നൽകുന്നു. പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നിൽ ജനാധിപത്യ രാഷ്ട്രീയത്തിന്റെ 'ഇന്ത്യൻ സവിശേഷത' ഉയർത്തിക്കാട്ടുന്നു. കൊളോണിയൽ നിഴലിൽ നിന്ന് മാറി രാഷ്ട്രീയമായും സാംസ്‌കാരികമായും ഒരു ' ലോക ഉപദേഷ്ടാവാ'യി മാറാനുള്ള ഇന്ത്യയുടെ അഭിലാഷത്തെ ഈ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നു.
മോദിയ്ക്ക് കീഴിലെ ഇന്ത്യയുടെ വിദേശ നയതന്ത്രം അഭിനന്ദനാർഹമാണ്. യുഎസ്, ജപ്പാൻ, റഷ്യ തുടങ്ങിയ ആഗോള ശക്തികളുമായുള്ള ബന്ധം ദൃഢമാക്കി. റഷ്യ - യുക്രെയിൻ സംഘർഷത്തിൽ സൂക്ഷ്മമായ നിലപാട് സ്വീകരിച്ചു.
മറ്റ് പ്രാദേശിക സംഘടനകളുമായും രാജ്യങ്ങളുമായും ബന്ധം പ്രോത്സാഹിപ്പിക്കാൻ മോദി ശ്രദ്ധിച്ചു. ഇന്ത്യ സ്വയം ഒരു ലോകശക്തിയായി കണക്കാക്കുന്നു. ഇന്ത്യ ഇത്തരത്തിൽ മാറിയിട്ട് 10 വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. എന്നാൽ അതിവേഗം രൂപാന്തരപ്പെടുന്നു.
അത്തരം വേഗമേറിയ മാറ്റങ്ങൾ അന്താരാഷ്ട്ര ചരിത്രത്തിൽ വളരെ അപൂർവമാണ്. ശക്തവും കൂടുതൽ ഉറച്ചതുമായ ഇന്ത്യ പല രാജ്യങ്ങൾക്കും ഒഴിച്ചുകൂടാനാകാത്ത ഒരു പുതിയ ഭൗമരാഷ്ട്രീയ ഘടകമായി മാറിയെന്ന് കരുതുന്നതായും ലേഖനത്തിൽ വിശദീകരിക്കുന്നു.