
ന്യൂഡൽഹി: 2024 ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഒരു മുഴം മുന്നേ എറിയാൻ ബിജെപി. തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സുപ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കാനാണ് പാർട്ടി നീക്കം. ഈ മാസം 15ന് മകരസംക്രാന്തിക്ക് ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
കേന്ദ്രമന്ത്രിമാരടങ്ങുന്ന രാജ്യസഭ എംപിമാർ ഇത്തവണ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മത്സരിക്കും. ചത്തീസ്ഗഢിലും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും പ്രയോഗിച്ച അതേ തന്ത്രങ്ങൾ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപി പ്രയോഗിക്കും. ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയായിരിക്കും പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുക.
സിറ്റിംഗ് എംപിമാർക്കെതിരെയുള്ള വികാരം നേരിടാൻ പുതുമുഖങ്ങളെ കളത്തിലിറക്കും. രണ്ടിൽ കൂടുതൽ തവണ എംപിയാവർ, മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവർ എന്നിവരെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മാറ്റിനിർത്താൻ സാദ്ധ്യതയുണ്ട്. കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ നിർമ്മല സീതാരാമൻ, ഹർദീപ് സിംഗ് പുരി, എസ് ജയ്ശങ്കർ, വി മുരളീധരൻ എന്നിവരുടെ പേരുകൾ പരിഗണയിലുണ്ട്. തിരഞ്ഞെടുപ്പിൽ യുവാക്കൾ, സ്ത്രീകൾ എന്നിവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകും.
വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകളും യുവാക്കളും പാർട്ടിയെ പിന്തുണച്ചെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. വനിതകൾക്ക് വേണ്ടി നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികൾ സ്ത്രീ വോട്ടർമാരെ പാർട്ടിയിലേക്ക് അടുപ്പിച്ചെന്നും നേതൃത്വം കരുതുന്നുണ്ട്. സ്ത്രീകൾ, പാവപ്പെട്ടവർ, യുവാക്കൾ, കർഷകർ എന്നിവരെ പ്രത്യേകം പരിഗണിക്കണമെന്ന് കഴിഞ്ഞയാഴ്ച ചേർന്ന ദേശീയ ഭാരവാഹികളുടെ യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു.
തമിഴ്നാട്ടിൽ അപ്രതീക്ഷിത നീക്കം
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപി അപ്രതീക്ഷിത നീക്കത്തിന് പദ്ധതിയിടുന്നുണ്ട്. നരേന്ദ്ര മോദി വാരാണസിക്ക് പുറമെ തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് പാർട്ടി സൂചന നൽകുന്നത്. വാരണസിക്ക് പുറമെ പൗരാണിക ബന്ധം കാത്തുസൂക്ഷിക്കുന്ന രാമേശ്വരം ഉൾപ്പെടുന്ന രാമനാഥപുരം കേരളവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി എന്നീ മണ്ഡലങ്ങളാണ് ഇപ്പോൾ ചർച്ചയിലുള്ളത്. ഈ നീക്കം കേരളത്തിലെ തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുമെന്നാണ് കണക്കുകൂട്ടൽ.
മോദി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. 2014ലെ തിരഞ്ഞടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി, വഡോദര എന്നീ മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. എന്നാൽ 2019ലെ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ മാത്രമാണ് മത്സരിച്ചത്.
കേരള നേതൃത്വത്തിന് മോദിയുടെ പ്രശംസ
തൃശൂരിൽ ബിജെപിയുടെ സ്ത്രീശക്തി റാലിയിൽ പതിനായിരക്കണക്കിന് സ്ത്രീകളെ അണിനിരത്തിയ സംഘടനാ മികവിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന ബിജെപി. അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ ആഹ്ളാദം അറിയിച്ചു.
ആദ്യമായി ലഭിച്ച നിയമസഭാപ്രാതിനിധ്യം നഷ്ടപ്പെടുത്തിയ നേതാവെന്ന വിമർശനത്തിൽ നിന്ന് കരുത്തുറ്റ സംഘടനാ സംവിധാനമൊരുക്കിയ പ്രസിഡന്റ് എന്ന ഖ്യാതിയാണ് ഇതിലൂടെ സംസ്ഥാന പ്രസിഡന്റിന് ലഭിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വാർത്താപ്രാധാന്യം ഏറെ നേടിയെങ്കിലും സുരേഷ് ഗോപിയെന്ന സൂപ്പർസ്റ്റാർ സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ബിജെപിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. എന്നാൽ സ്ത്രീശക്തി റാലിയുടെ വിജയം അത് മറികടക്കുന്നതായിട്ടാണ് പാർട്ടിക്കുള്ളിലും പുറത്തുമുള്ള വിലയിരുത്തൽ. പ്രതീക്ഷിച്ചപോലെ സ്ത്രീകളുടെ വൻ പ്രാതിനിദ്ധ്യം ഉറപ്പുവരുത്താനായത് ബിജെപിയിൽ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്.