selal

ഇടുക്കി: മൂന്നാറിൽ അന്യസംസ്ഥാന തൊഴിലാളിയുടെ പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. ജാർഖണ്ഡ് സ്വദേശി സെലാൽ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബോഡിമെട്ട് എക്‌സൈസ് ചെക്‌പോസ്റ്റിലെ ജീവനക്കാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്.

സംഭവം നടന്ന് ദിവസങ്ങൾക്കുശേഷമാണ് പ്രതി പിടിയിലാവുന്നത്. ഇയാളെ പിടികൂടുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതുകണ്ടാണ് ചെക്‌പോസ്റ്റിലെ ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സെലാർ ഭാര്യയോടൊപ്പം മുങ്ങുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ലുക്കൗട്ട് നോട്ടീസിൽ ഇയാളുടെ ഭാര്യയുടെ ചിത്രവും വിവരങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇവർ പിടിയിലായോ എന്ന് വ്യക്തമല്ല.

വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മൂന്നാർ ചിറ്റിവാര എസ്റ്റേറ്റിൽ പന്ത്രണ്ടുകാരി പീഡനത്തിനിരയായത്. കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സെലാർ ഒളവിൽപ്പോയി. പെൺകുട്ടിക്ക് ശാരീരിക വേദന അനുഭവപ്പെട്ടതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതിയ്ക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിത്. പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.