vasu

കോട്ടയം: എസ്.എൻ.റ്റി വാസുവിന്റെ ഭക്തി കഠിനമെന്റയ്യപ്പോ. ഓരോ വർഷവും മല ചവിട്ടി കാനനവാസനെ കാണും മുമ്പ് വാസു ദർശനം നടത്തുന്നത് 101 ക്ഷേത്രങ്ങളിൽ! ഈ കഠിനവ്രതവിശുദ്ധി ഈ വർഷമോ കഴിഞ്ഞ വർഷമോ തുടങ്ങിയതല്ല; കഴിഞ്ഞ 35 വർഷമായി രാമപുരം സ്വദേശിയായ വാസുവിന്റെ മലയാത്ര ഇങ്ങനെയാണ്. വൃശ്ചികം ഒന്നിന് മാലയിട്ട് അയ്യപ്പനാകുന്ന വാസു തുടർന്ന് സ്വന്തം പഞ്ചായത്തിലെ 36 ക്ഷേത്രങ്ങളിൽ ദർശനം നടത്തി കാണിക്കയിടും.

തുടർന്ന് ചോറ്റാനിക്കര, ഏറ്റുമാനൂർ, ഗുരുവായൂർ, വൈക്കം, വടക്കുംനാഥ ക്ഷേത്രം, ആദിത്യപുരം തുടങ്ങി 101 ക്ഷേത്രങ്ങളിലേക്ക് പ്രാർത്ഥനകളുമായി പോകും. പുണ്യപ്രസിദ്ധമായ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലാവും മിക്കവാറും വാസു നൂറ്റിയൊന്നാമത്തെ ക്ഷേത്രയെണ്ണം തികയ്ക്കുക. പതിവ് തെറ്റിച്ചില്ല. ഇത്തവണത്തെയും 101ാം ക്ഷേത്രദർശനം ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലാണ് പൂർത്തിയാക്കിയത്. ഇത്തവണ പക്ഷേ മകരവിളക്ക് കഴിഞ്ഞിട്ടേ മലചവിട്ടുന്നുള്ളൂവെന്ന് വാസു പറഞ്ഞു.

കഴിഞ്ഞ 36 വർഷത്തിനിടെ കൊവിഡ് രൂക്ഷമായ കാലഘട്ടത്തിൽ മാത്രമേ വാസുവിന് മലചവിട്ടാൻ കഴിയാതെ വന്നുള്ളൂ. എല്ലാ വർഷവും മണ്ഡലകാലത്താണ് ഈ അയ്യപ്പഭക്തൻ മലചവിട്ടാറുള്ളത്. ഇത്തവണ ചില ശാരീരിക അസ്വസ്ഥതകൾ മൂലമാണ് തിരക്ക് കുറഞ്ഞ മകരവിളക്ക് കഴിഞ്ഞുള്ള സമയത്ത് കലിയുഗവരദനെ കാണാമെന്ന് വാസു തീരുമാനിച്ചത്.

ഇവനെ ഞാൻ അയ്യപ്പനെ തൊഴാൻ പഠിപ്പിച്ചിട്ടുണ്ട്, അതുമതി

അച്ഛൻ കുഞ്ഞുകുട്ടനൊപ്പം പത്താം വയസ്സിലാണ് വാസു ആദ്യം മല ചവിട്ടുന്നത്. പിന്നീട് മുതിർപ്പോൾ ആകെപ്പാടെയുള്ള 20 സെന്റ് സ്ഥലം ഏഴ് മക്കൾക്കായി ഭാഗിക്കാൻ വാസുവിന്റെ മാതാപിതാക്കളായ കുഞ്ഞുകുട്ടനും കല്യാണിയും ഏറെ വിഷമിച്ചു. ഉള്ള വസ്തു ഭാഗിച്ചപ്പോൾ മൂത്തമകനായ വാസുവിന് ഒന്നും കൊടുക്കാൻ ഉണ്ടായിരുന്നില്ല. ഇതേപ്പറ്റി ബന്ധുക്കൾ പരിഭവം പറഞ്ഞപ്പോൾ കുഞ്ഞുകുട്ടന്റെ മറുപടി; ''ഇവനെ ഞാൻ ശബരിമലയ്ക്ക് കൊണ്ടുപോയി അയ്യപ്പനെ തൊഴാൻ പഠിപ്പിച്ചിട്ടുണ്ട് അവനതുമതി''. ഈ വാക്ക് പിന്നീട് അച്ചട്ടായി. ഒന്നുമില്ലായ്മയിൽ നിന്ന് രാമപുരം അമനകര തെക്കേടത്ത് വാസു, എസ്.എൻ.റ്റി എന്ന മഹാപ്രസ്ഥാനം കെട്ടിപ്പെടുത്തു. ട്യൂഷൻ സെന്ററായി 46 വർഷം മുമ്പ് ആരംഭിച്ച എസ്.എൻ.റ്റി ഇതിനോടകം പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി ലഭിക്കാൻ സഹായിക്കുന്ന വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനമായി പടർന്ന് പന്തലിച്ചു.

എല്ലാം അയ്യപ്പന്റെയും മാതാപിതാക്കളുടെയും അനുഗ്രഹം

''പണ്ട് അച്ഛൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും എന്റെ കാതിലുണ്ട്. എല്ലാം അയ്യപ്പന്റെയും മാതാപിതാക്കളുടെയും അനുഗ്രഹം. മുപ്പത്തഞ്ച് വർഷം മുമ്പാണ് 101 ക്ഷേത്രങ്ങളിൽ ദർശനം നടത്തി കാണിക്കയിട്ട് ശബരിമലയ്ക്ക് പോകാൻ തീരുമാനിച്ചത്. ആദ്യകാലങ്ങളിൽ പല ക്ഷേത്രങ്ങളിലും പോകാൻ വണ്ടിക്കൂലി പോലും ഉണ്ടായിരുന്നില്ല. അന്നൊക്കെ നടപ്പുതന്നെയായിരുന്നു ശരണം. ശബരിമല യാത്രയ്ക്ക് മുമ്പ് നൂറ്റിയൊന്നാം ക്ഷേത്രദർശനം പൂർത്തിയാക്കുന്ന ഏഴാച്ചേരി കാവിൻപുറം ക്ഷേത്രത്തിലേക്ക് അന്ന് നല്ലൊരു വഴിപോലും ഉണ്ടായിരുന്നില്ല. ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രവുമായിരുന്നു അന്ന്. ഇന്ന് സ്ഥിതി പാടേ മാറി. ക്ഷേത്രങ്ങളെല്ലാം പുരോഗതിയിലാണ്. ഈശ്വരാനുഗ്രഹത്താൽ എല്ലായിടത്തും സ്വന്തം വണ്ടിയിൽത്തന്നെ പോകാനുള്ള ഭാഗ്യം എനിക്കുമുണ്ടായി''. ഏഴാച്ചേരി കാവിൻപുറം ക്ഷേത്ര നടയിൽ നിന്ന് ഇത് പറയുമ്പോൾ വാസുവിന്റെ മിഴികൾ നിറഞ്ഞു. എല്ലാ വൃശ്ചികത്തിലും വാസുവിന്റെ വ്യത്യസ്തമായ ഈ വനയാത്ര കാണുമ്പോൾ ഭാര്യ ഭാർഗ്ഗവി, മക്കളായ പ്രേംജി, നവ്ജി മരുമക്കളായ ബിജി, ദിവ്യ കൊച്ചുമക്കളായ ശിവപ്രിയ, ശിവനന്ദന, ശിവദത്ത് എന്നിവരുടെയെല്ലാം ചുണ്ടിൽ നിന്നുയരും സ്വാമിയേ ശരണമയ്യപ്പ!