governor

തിരുവനന്തപുരം: സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന്റെ പരാമർശം അവജ്ഞതയോടെ തള്ളുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദാ കാരാട്ട് എന്നെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്നും ഗവർണർ ചോദിച്ചു. കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാനെ ബൃന്ദ കാരാട്ട് രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

ബിജെപി നിർദേശപ്രകാരമാണ് കേരള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഗവർണർ ഇടപെടുന്നതെന്ന് ബൃന്ദ വിമർശിച്ചു. ഗവർണറോട് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്നും നിർദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഗവർണർ ഇപ്പോൾ രംഗത്ത് വന്നത്.

സംസ്ഥാന സർക്കാർ നടത്തിയ പുതുവത്സര വിരുന്നിൽ തന്നെ ക്ഷണിച്ചിരുന്നുവെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഭിന്നതയില്ല. താൻ ചെയ്യുന്നത് നിയമപരമായ കർത്തവ്യമാണെന്നും ഗവർണർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ഉന്നയിക്കണം. വിരുന്നിനുള്ള ക്ഷണക്കത്ത് രാജ്‌ഭവനിൽ കിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമാരുന്ന സാഹചര്യത്തിലാണ് ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. കേരള നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാത്തത് ഉൾപ്പെടെ വ്യത്യസ്ത വിഷയങ്ങളുടെ പേരിലാണ് ഗവർണർ-സർക്കാർ ബന്ധം വഷളായിരിക്കുന്നത്.