
കണ്ണൂർ: ഗവൺമെന്റ് നഴ്‌സസ് അസോസിയേഷൻ (കെജിഎൻഎ) നടത്തിയ കളക്‌ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ കല്ല്യാശ്ശേരി എംഎൽഎ എം വിജിനെ ഒഴിവാക്കി പൊലീസ് കേസ്. കെജിഎൻഎ ഭാരവാഹികൾക്കെതിരെയും കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ സമരക്കാർ സംഘം ചേർന്നെന്നും പൊതുയോഗം നടത്തിയെന്നും കളക്‌ടറേറ്റ് വളപ്പിൽ അതിക്രമിച്ച് കയറിയെന്നുമാണ് എഫ് ഐ ആറിൽ വ്യക്തമാക്കുന്നത്.
നഴ്‌സുമാരുടെ കളക്‌ടറേറ്റ് മാർച്ചിന്റെ ഉദ്ഘാടകനായിരുന്നു എംഎൽഎ. സാധാരണ രീതിയിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടക്കുമ്പോൾ പൊലീസ് ഗേറ്റിൽവച്ചുതന്നെ തടയുന്നതായിരുന്നു പതിവ്. എന്നാൽ നഴ്സുമാരുടെ മാർച്ച് തടയാൻ പൊലീസ് ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് സിവിൽ സ്റ്റേഷൻ വളപ്പിൽ കടന്ന പ്രവർത്തകർ അവിടെ പരിപാടി നടത്തി. ഇതിനിടെ കണ്ണൂർ ടൗൺ എസ്ഐയും സംഘവും സ്ഥലത്തെത്തി സമരക്കാരുടെ എല്ലാം പേരെഴുതി എടുക്കാൻ നിർദ്ദേശിച്ചു. പേരെഴുതാനെത്തിയ വനിതാ പൊലീസ് എംഎൽഎയെ തിരിച്ചറിയാതെ അദ്ദേഹത്തോട് പേരുചോദിക്കുകയും ചെയ്തു.
പരിപാടി പുറത്തേക്ക് മാറ്റാം എന്ന് എൽഎൽഎ പൊലീസിനെ അറിയിച്ചു. എന്നാൽ ഇതിനിടെ എംഎൽഎ അടക്കമുള്ളവരുടെ മൈക്ക് പൊലീസ് പിടിച്ചുവാങ്ങിയെന്നാണ് മാർച്ചിൽ പങ്കെടുത്തവർ ആരോപിക്കുന്നത്. സമരവേദിയിൽ എത്തിയ ടൗൺ എസ്ഐ, സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ വിഷയത്തിൽ എംഎൽഎ ഇടപെടുകയായിരുന്നു.
എസ്ഐയും എംഎൽഎയും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നെന്നാണ് റിപ്പോർട്ട്. വാക്കേറ്റത്തിനിടെ പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എംഎൽഎ എസ്ഐയോട് പറഞ്ഞു. സംഘർഷത്തിന് ഒരു സാദ്ധ്യതയുമില്ലാതിരുന്നിടത്ത് പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സിനിമാ സ്റ്റൈലിൽ ഷാേ നടത്തിയെന്നും ഇതോടെ പ്രകോപിതനാകേണ്ടി വന്നു എന്നുമാണ് എംഎൽഎ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.