human-vs-ai

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് നമ്മുടെയെല്ലാം ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും വിധം വളർന്നു കഴിഞ്ഞു. നാം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ മുതൽ കമ്പ്യൂട്ടറുകൾ വരെ. ഫേസ്ബുക്ക് മുതൽ സ്‌പോട്ടിഫൈ വരെ. സർവവും എ.ഐ മയം. പലപ്പോഴും മനുഷ്യാധ്വാനത്തെ ലഘൂകരിക്കുന്നുണ്ടെങ്കിലും എ.ഐ മനുഷ്യ കുലത്തെ അപ്പാടെ ഇല്ലാതാക്കി കളയുമോ എന്നൊരു ഭയം ആഗോളതലത്തിൽ തന്നെ ഇപ്പോഴും മനുഷ്യർക്കുണ്ട്. എ.ഐ മേഖലയിൽ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇലോൺ മസ്‌കിനെ പോലുള്ളവർ പോലും എ.ഐയെ പേടിക്കണം എന്നു പറയുന്നു. ചാറ്റ് ജി.പി.ടി പോലുള്ള ഭാഷാ മോഡലുകൾ കഴിഞ്ഞ വർഷങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് 2023ന്റെ രണ്ടാം പകുതിയിൽ തന്നെ ചാറ്റി ജി.പി.ടിക്ക് പ്രിയം കുറഞ്ഞിരുന്നു എന്നാണ്. എന്നിട്ടും ഇപ്പോഴും എ.ഐയെ ഭയക്കുന്നവർ ലോകത്താകമാനം ഉണ്ടെന്നതാണ് സത്യം. എന്നാൽ യാതാർത്ഥ്യം എന്താണ്? എ.ഐയെ ഭയക്കേണ്ടതുണ്ടോ?

എന്താണ് ഇന്റലിജൻസ്?

The ability to acquire and apply knowledge and skills എന്ന് ഗൂഗിൾ പറയുന്നു. ഇന്റലിജൻസുള്ള ഒരു ജീവിയാണ് മനുഷ്യൻ. സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ മനുഷ്യന് സാധിക്കുന്നു. വന്യജീവികൾ അക്രമകാരികളാണെന്ന് മനസ്സിലാക്കി ഒളിഞ്ഞിരുന്ന മനുഷ്യൻ അതിജീവിച്ചു. മുന്നോട്ട് പോയവൻ മൽപ്പിടുത്തത്തിൽ മരിച്ചു വീണു. മന്നോട്ട് പോകരുതെന്ന ജീവിച്ചവന്റെ ബോധ്യം (ഇന്റലിജൻസ്) പുതിയവർ പിൻപറ്റി. അതുകൊണ്ട് Dryopithecusന്റെ നാൽകാലുകളിൽ നിന്ന് നാം Homo Sapiensന്റെ ഇരുകാലുകളിലേക്ക് നിവർന്നു. ഇങ്ങനെ മനുഷ്യനെ പോലെ ചിന്തിക്കാനും സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കാനും ഒരു ഇലക്ട്രോണിക് ഉപകരണത്തിന് സാധിക്കമ്പോൾ അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി ആകുന്നു.

പേര് സൂചിപ്പിക്കും പോലെ ഇന്റലിജൻസ് ആർട്ടിഫിഷ്യൽ അഥവാ കൃത്രിമമാണ്. മനുഷ്യന്റെ ഇന്റലിജൻസിനെ അനുകരിക്കുകയാണ് എ.ഐ മനുഷ്യൻ ഭൂതകാല അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് സമർഥനാകുന്നു, തീരുമാനങ്ങൾ എടുക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും തീരുമാനങ്ങൾ എടുക്കാൻ ഭൂതകാലത്തെക്കുറിച്ച് ഗ്രാഹ്യമുണ്ടാവണം. എന്നാൽ എ.ഐയെ സംബന്ധിച്ച് ഭൂതകാലം മനുഷ്യന്റേത് പോലെ അനുഭവങ്ങളല്ല, മറിച്ച് ഡാറ്റയാണ്.

പരിമിതികൾ

756900 ന്റെ വർഗമൂലം എത്ര? ഒന്ന് ചിന്തിക്കേണ്ടി വരും അല്ലേ? എന്തിനിത്ര ചിന്തിച്ചു ബുദ്ധിമുട്ടണം ഒരു കാൽകുലേറ്റർ എടുക്ക് എന്നാവും നിങ്ങൾ അടുത്ത പടി ചിന്തിച്ചിട്ടുണ്ടാവുക. ഇപ്പൊൾ ഞൊടിയിടക്കൊണ്ട് ഉത്തരം കിട്ടിക്കാണും? 879. അതായത്, മനുഷ്യമസ്തിഷ്‌കത്തേക്കാൾ കമ്പ്യൂട്ടിംഗ് വേഗതയുണ്ട് ഒരു കാൽകുലേറ്ററിന്. അപ്പോൾ കാൽകുലേറ്ററിന് മനുഷ്യനേക്കാൾ ബുദ്ധി ഉണ്ടെന്നാണോ? മറ്റൊരു സന്ദർഭം എടുക്കാം.

അസോസിയേറ്റഡ് പ്രെസ്സിൽ ജോലി ചെയ്തിരുന്ന പ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് വിയറ്റ്നാം യുദ്ധ കാലത്ത് എടുത്ത ഒരു ചിത്രം പിന്നീട് ലോക പ്രശസ്തമാവുകയുണ്ടായി. യുദ്ധത്തിൽ ഉറ്റവർ നഷ്ടപ്പെട്ട ഒരു പെൺകുട്ടി നഗ്നയായി നിലവിളിച്ച്‌ കൊണ്ട് ഓടുന്ന ഒരു ചിത്രമായിരുന്നു അത്. പുറകിൽ സ്‌ഫോടനത്തിൽ കത്തിയെരിയുന്ന സ്ഥലങ്ങളും പൊരുതുന്ന വിയറ്റ്നാമിസ് സൈനികരെയും വേറെയും കുട്ടികളെയും കാണാം. ഈ ചിത്രം നോക്കി സാഹചര്യങ്ങൾ വിലയിരുത്താനും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനും ചിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ പോലും മനസ്സിലാക്കാൻ നമുക്ക് ഒരു നിമിഷം മതിയായിരുന്നു. പക്ഷെ എ.ഐ ക്ക് ഇത് സാധിക്കില്ല. ഇതാണ് എ.ഐ യും മനുഷ്യനും തമ്മിലുള്ള വ്യത്യാസം.

ചാറ്റ് ജി.പി.ടി

മനുഷ്യനെ പോലെ പ്രവർത്തിക്കാൻ യന്ത്രങ്ങളെ പരിശീലിപ്പിക്കുകയാണ് വിദഗ്ദ്ധർ. ഭാഷ ഉപയോഗിക്കാനുള്ള മനുഷ്യന്റെ കഴിവും യന്ത്രങ്ങളെ പരിശീലിപ്പിക്കുകയാണ്. നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ഗൂഗിൾ അസിസ്റ്റന്റും, അലക്സയും പ്രവർത്തിച്ചു തുടങ്ങിയത് അങ്ങനെയാണ്. ചാറ്റ് ജി.പി.ടിയുടെ പ്രവർത്തനവും ഏതാണ്ട് അങ്ങനെ തന്നെ.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓപ്പൺ എ.ഐ (Open AI) വികസിപ്പിച്ച ഭാഷാ മോഡലാണ് ചാറ്റ് ജി.പി.ടി. സ്വഭാവിക ഭാഷ മനസിലാക്കി സംഭാഷണങ്ങളിലൂടെ സംശയ നിവാരണവും മറ്റും നടത്തുകയാണ് ചാറ്റ് ജി.പി.ടി ചെയ്യുന്നത്. ഇന്റർനെറ്റിലെയും പുസ്തകങ്ങളിലെയും ടെക്സ്റ്റ് ഡാറ്റ ഉപയോഗിച്ചാണ് ചാറ്റ് ജി.പി.ടി പ്രവർത്തിക്കുന്നത്.

ഒരു ജീവിതകാലത്തിനിടയിൽ വായിച്ചും കണ്ടും പഠിച്ചാലും തീരാത്തത്രയും വിവരങ്ങൾ ചാറ്റ് ജി.പി.ടി ക്ക് അറിയാം. ഇവയെ ആവശ്യാനുസരണം വിശകലനം ചെയ്യാനും ഏത് രൂപത്തിലും അവതരിപ്പിക്കാനും ചാറ്റ് ജി.പി.ടിക്ക് കഴിയും. ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന കംപ്യൂട്ടർ സംവിധാനങ്ങളെയാണ് ചാറ്റ് ബോട്ടുകൾ എന്ന് വിളിക്കുന്നത്. മനുഷ്യനെ പോലെ ചാറ്റ് ചെയ്യുന്ന ബോട്ടുകൾ വികസിപ്പിക്കുകയാണ് ചാറ്റ് ജി.പി.ടി പോലുള്ള ഭാഷാ മോഡലുകളിലൂടെ എ.ഐ വിദ്ഗ്ദ്ധർ ലക്ഷ്യമിടുന്നത്.

ചാറ്റ് ജി.പിടിയുടെ ഉപയോഗങ്ങൾ

വിവരങ്ങൾ തിരയമ്പോൾ വെബ്‌സൈറ്റുകൾ നിർദ്ദേശിക്കുകയാണ് ഗൂഗിൾ അല്ലെങ്കിൽ സേർച്ച് എൻജിനുകൾ ചെയ്യുന്നത്. ലിങ്കുകളിൽ കയറി വേണ്ട വിവരം നമ്മൾ തന്നെ വായിച്ച് മനസിലാക്കിയെടുക്കണം. എന്നാൽ ചാറ്റ് ജി.പി.ടി ബ്രൗസിംഗ് രീതികളെ അപ്പാടെ മാറ്റുന്നു. ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം ചാറ്റ് ജി.പി.ടി തന്നെ ലഭ്യമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തവും സ്പഷ്ടവുമായി പറഞ്ഞുതരും.

പരിമിതികൾ

ബോട്ടിന്റെ പ്രതികരണങ്ങളിൽ പ്രത്യക്ഷത്തിൽ ശരിയാണെന്നു തോന്നുന്ന തെറ്റുകളും മണ്ടത്തരങ്ങളും ഉണ്ടാകാമെന്ന് ഓപ്പൺ എ.ഐ തന്നെ സമ്മതിക്കുന്നുണ്ട്. ചിലപ്പോൾ തികച്ചും സാങ്കല്പികമായ കാര്യങ്ങൾ വസ്തുതയാണെന്ന മട്ടിൽ അവതരിപ്പിക്കാനും സാദ്ധ്യതയുണ്ട്. ചാറ്റ് ജി.പി.ടിയുടെ തുറന്ന ആർക്കിടെക്ചർ ഒഴുക്കുള്ള, രസകരമായ സംവാദങ്ങൾ സാധ്യമാക്കുമെങ്കിലും അത് ചിലപ്പോഴെങ്കിലും ബോട്ടിനെ അമിതാത്മവിശ്വാസത്തിലേക്കും ഭ്രമാത്മകതയിലേക്കും തള്ളിവിടും.

അപകടങ്ങൾ

ചാറ്റ് ജി.പി.ടി. ഒരുപാട് അവസരങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും അത് പല അപകട സാദ്ധ്യതകളും ഉയർത്തുന്നുണ്ട്. അതിലൊന്ന് സാഹിത്യ ചോരണത്തിനുള്ള സാദ്ധ്യതയാണ്. പാശ്ചാത്യ രാജ്യങ്ങളിലെ കുട്ടികൾ ഹോംവർക്ക് ചെയ്യുന്നതിനപോലും ഇപ്പോൾ ചാറ്റ് ജി.പി.ടി ഉപയോഗി ക്കുന്നുണ്ട്. മറ്റൊരു അപകടം സാങ്കേതികവിദ്യയിൽ പക്ഷപാതവും വിവേചനവും പിടിമുറുക്കാനുള്ള സാദ്ധ്യത. ചാറ്റ് ജി.പി.ടി. നൽകുന്ന പ്രതികരണങ്ങൾ അതിനുലഭിച്ച വിവരങ്ങളുടെയും പരിശീലനങ്ങളുടെയും (അൽ ഗൊരിതം) അടിസ്ഥാനത്തിൽ ആയിരിക്കും. ആ വിവരങ്ങൾ പക്ഷപാതപരമോ അപൂർണമാണെങ്കിൽ പ്രതികരണങ്ങളിലും അതിന്റെ പ്രതിഫലനമുണ്ടാകും. ഇത് നിലനിൽക്കുന്ന സാമൂഹിക സാംസ്കാരിക മുൻധാരണകളെ ശാശ്വതീകരിക്കാനും ഒരുപക്ഷേ, കൂടുതൽ ശക്തിപ്പെടുത്താനും അതുവഴി അന്യായവും വിവേചനപരവുമായ ഫലങ്ങൾ ഉളവാക്കാനും ഇടയാക്കും. ചാറ്റ് ജി.പി.ടിയുടെ മറ്റൊരപകടം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള സാദ്ധ്യതയാണ്.