
കൊൽക്കത്ത: റെയ്ഡിനെത്തിയ ഇഡി സംഘത്തെ വളഞ്ഞിട്ട് തല്ലി ജനക്കൂട്ടം. സംഘം എത്തിയ കാറുകൾ അക്രമികൾ തല്ലിത്തകർത്തു. പശ്ചിമബംഗാളിലെ നാേർത്ത് 24 പർഗാനാണ് ജില്ലയിലായിരുന്നു സംഭവം. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ റെയ്ഡിനെത്തിയതായിരുന്നു ഇഡി സംഘം. വീടിന് സമീപമെത്തിയതോടെ വാഹനം വളഞ്ഞ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇരുനൂറിലധികം പേരാണ് ആക്രമിച്ചത്. ആക്രമത്തിൽ ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.തൃണമൂൽ പ്രവർത്തകരാണ് ആക്രമണം നടത്തിതെന്നാണ് റിപ്പോർട്ട്.
#WATCH | North 24 Parganas, West Bengal: A team of the Enforcement Directorate (ED) attacked during a raid in West Bengal's Sandeshkhali.
— ANI (@ANI) January 5, 2024
More details are awaited pic.twitter.com/IBjnicU9qj
ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നു എന്നതിന് തെളിവാണിതെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു. റെയ്ഡ് വീണ്ടും തുടരും എന്നാണ് ലഭിക്കുന്ന സൂചന.
ചില സഹകരണ സംഘങ്ങളുമായി ചേർന്ന് കർഷകരുടെ വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയും കർഷകർക്ക് ലഭിക്കേണ്ട പണം ഈ അക്കൗണ്ടുകൾ വഴി കൈക്കലാക്കി എന്നുമാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ജ്യോതിപ്രിയ ഭക്ഷ്യമന്ത്രിയായിരുന്ന കാലത്താണ് ആരോപണം ഉയർന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് .
കേസുമായി ബന്ധപ്പെട്ട് മല്ലിക്കിന്റെയും കൂട്ടാളികളുടെയും ഉൾപ്പടെ എട്ട് വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അടുത്തിടെ അറസ്റ്റിലായ വ്യവസായി ബാകിബുർ റഹ്മാനുമായുള്ള മല്ലിക്കിന്റെ ബന്ധത്തെക്കുറിച്ചും ഇ.ഡി അന്വേഷിച്ചുവരികയാണ്.