
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയുമായി ചർച്ച നടത്താൻ കോൺഗ്രസ്. രാജ്യത്തെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നണിയിലെ പാർട്ടികളുമായി ചർച്ച നടത്താനാണ് കോൺഗ്രസ് തീരുമാനം. ആവശ്യമെങ്കിൽ വിവിധ സംസ്ഥാനങ്ങളിലെത്തി മുഖ്യപ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക് അറിയിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ 255ഓളം സീറ്റിൽ മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് സീറ്റ് ധാരണ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാകുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. മണിപ്പൂരിൽ നിന്നും മുംബയിലേക്കുള്ള യാത്ര ജനുവരി 14ന് ആണ് ആരംഭിക്കുന്നത്. ഇന്നലെ വൈകീട്ട് പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് സീറ്റുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന യോഗത്തിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടന്നു. മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, മുകുൾവാസ്നിക്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ഭാഗൽ തുടങ്ങിയവരും പങ്കെടുത്തു.
അടുത്ത തിരഞ്ഞെടുപ്പിൽ 255ഓളം സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 421 സീറ്റുകളിലാണ് മത്സരിച്ചത്. എന്നാൽ 52 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. അന്നത്തെ മുന്നണി ധാരണ പ്രകാരം ബീഹാറിൽ ആർഡെജി, മഹാരാഷ്ട്രയിൽ എൻസിപി, കർണാടകയിൽ ജെഡിഎസ്, ജാർഖണ്ഡിൽ ജെഎംഎം, തമിഴ്നാട്ടിൽ ഡിഎംകെയുമായും ചേർന്നാണ് മത്സരിച്ചത്. 40 സീറ്റുകളുള്ള ബീഹാറിൽ ഒമ്പത്, 14 സീറ്റുകളുള്ള ജാർഖണ്ഡിൽ ഏഴെണ്ണത്തിലും 28 സീറ്റുള്ള കർണാടകയിൽ 21ലും കോൺഗ്രസ് മത്സരിച്ചു. 48 സീറ്റുള്ള മഹാരാഷ്ട്രയിൽ 25 സീറ്റിലും 39 സീറ്റുള്ള തമിഴ്നാട്ടിൽ ഒമ്പത് എണ്ണത്തിലും കോൺഗ്രസ് മത്സരിച്ചു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
അതേസമയം, ഇന്ത്യ മുന്നണി രൂപീകരിച്ചതോടെ ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സീറ്റ് പങ്കിടൽ കോൺഗ്രസിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇന്ത്യ മുന്നണി രാജ്യത്ത് പ്രതിനിധീകരിക്കുമെങ്കിലും ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പോരിനിറങ്ങുമെന്നാണ് മമത ബാനർജി അറിയിച്ചത്. ബംഗാളിൽ ബിജെപിയെ പാഠം പഠിപ്പിക്കാൻ തൃണമൂൽ കോൺഗ്രസിന് മാത്രമേ കഴിയുമെന്നാണ് മമത പറയുന്നത്. പഞ്ചാബിലെയും ഡൽഹിയിലെയും 21 സീറ്റുകൾ ആരുമായി പങ്കിടാൻ താൽപര്യമില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളും അറിയിച്ചിട്ടുണ്ട്.