
ന്യൂഡൽഹി: മഥുരയിലെ ഷാഹി ഈദ്‌ഗാഹ് മസ്‌ജിദിൽ സർവേ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രത്തോട് ചേർന്നാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളി പൊളിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി സമർപ്പിച്ച പൊതുതാത്‌പര്യ ഹർജി തള്ളിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്. ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീം കോടതി പറഞ്ഞു. അഭിഭാഷകനായ മെഹക് മഹേശ്വരിയാണ് ഹർജിക്കാരൻ.
ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. ഹർജിയിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള നിരവധി സിവിൽ സ്യൂട്ടുകൾ കോടതിയുടെ പരിഗണനയിലാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
Supreme Court dismisses an appeal against the Allahabad High Court order which rejected a PIL seeking recognition of Mathura's Shahi Idgah Mosque site as Krishna Janmabhoomi.
— ANI (@ANI) January 5, 2024
Supreme Court says the issues raised in the plea are already pending consideration before the court. pic.twitter.com/vMu2Xb1a22
'നിങ്ങൾ ഇത് പൊതുതാത്‌പര്യ ഹർജിയായാണ് സമർപ്പിച്ചത്. അതിനാലാണ് ഹൈക്കോടതി തള്ളിയത്. മറ്റൊരു തരത്തിൽ സമർപ്പിക്കൂ. ഹൈക്കോടതി വിധിയിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഹർജി തള്ളുകയാണ്. എന്നാൽ ഏതൊരു നിയമത്തിന്റെയും ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യാനുള്ള ഒരു കക്ഷിയുടെയും അവകാശത്തെ കോടതി തടയില്ല'- സുപ്രീം കോടതി വ്യക്തമാക്കി.
മഥുരയിലെ കൃഷ്ണജന്മ ഭൂമി ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്നാണ് ഹർജിക്കാരൻ അവകാശപ്പെടുന്നത്. അതിനാൽ കൃഷ്ണജന്മഭൂമിയിൽ പണിതിരിക്കുന്ന മസ്‌ജിദ് പൊളിക്കണമെന്നാശ്യപ്പെട്ടാണ് മെഹക് മഹേശ്വരി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി 2023 ഒക്‌ടോബർ 12ന് ഹൈക്കോടതി തള്ളുകയായിരുന്നു.
പ്രസ്തുത സ്ഥലം കൃഷ്ണജന്മ ഭൂമിയാണെന്ന് വിവിധ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിയിൽ വാദിക്കുന്നുണ്ട്. സ്ഥലം ബലംപ്രയോഗിച്ച് കൈക്കലാക്കിയാണ് ഷാഹി ഈദ്‌ഗാഹ് മസ്‌ജിദ് പണിതതെന്നും അതിനാൽ പൊളിക്കണമെന്നും ഹർജിയിൽ പറയുന്നു. ഇസ്‌ലാമിക നിയമപ്രകാരം ബലം പ്രയോഗിച്ച് കൈവശപ്പെടുത്തിയ ഭൂമിയിൽ മസ്ജിദ് നിർമ്മിക്കാൻ പാടില്ലാത്തതിനാൽ ഇത് ശരിയായ പള്ളിയല്ല. എന്നാൽ ഹിന്ദു നിയമപ്രകാരം, ഒരു ക്ഷേത്രം തകർന്ന അവസ്ഥയിലാണെങ്കിലും അത് ഒരു ക്ഷേത്രമാണെന്നും ഹർജി വ്യക്തമാക്കുന്നു.