k

'ഒരു മുറൈ വന്ത് പാർത്തായാ?. എൻ മനം നീയറിന്തായാ?'. കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മഹിളാ സംഗമത്തിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തതിന് സാമൂഹ്യമാദ്ധ്യമങ്ങളിൽ തെറിയഭിഷേകം നടത്തുന്ന ചാനൽ സഖാക്കളോട് നടി ശോഭനയുടെ ചോദ്യമാണിത്. പിണറായി സർക്കാരിന്റെ കേരളീയത്തിൽ പങ്കെടുത്തത് വിശിഷ്ടവും, പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിട്ടത് നിഷിദ്ധവുമാവുന്നത് എങ്ങനെയെന്നാണ്, മണച്ചിത്രത്താഴിലെ നാഗവല്ലിയുടെ സംശയം... ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ ജീവ ചരിത്ര ഗ്രന്ഥത്തിന്റ ആദ്യ കോപ്പി സ്വീകരിച്ചത് നടൻ മമ്മൂട്ടിയാണ്. ഈ മാസം 22ന് അയോദ്ധ്യയിൽ നടക്കുന്ന രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് നടന്മാരായ രജനി കാന്തിനും മോഹൻലാലിനുമൊക്കെ ക്ഷണമുണ്ട്. അവർ ആ ച‌ടങ്ങിൽ പങ്കെടുത്താൽ ബി.ജെ.പിക്കാരാവുമോ?.

മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ നടി ശോഭനയെ ഏതെങ്കിലും പ്രത്യേക കളത്തിൽ നിറുത്തേണ്ടതില്ലെന്നും, കലാ രംഗത്തുള്ളവർക്ക് ഏത് പരിപാടിയിലും പങ്കെടുക്കാമെന്നുമുള്ള സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷിന്റെ പ്രതികരണത്തിന് മാന്യത കൽപ്പിക്കപ്പെട്ടു. മാഷ് നയം വ്യക്തമാക്കിയിട്ടും ചാനൽ സഖാക്കൾ വിടുന്ന മട്ടില്ല. അവർക്കും വേണ്ടേ കുറച്ചൊക്കെ ഔചിത്യ ബോധം?. പക്ഷേ, നടി ശോഭനയ്ക്ക് ഇതിലൊന്നും കുലുക്കമില്ല. 'ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയാണ്. അദ്ദേഹത്തിനൊപ്പം വേദി പങ്കിടാനായതിൽ അഭിമാനമുണ്ട്'... ശോഭനയ്ക്ക് നാഗവല്ലിയുടെ വേഷപ്പകർച്ച!.

□□□□□□□□□□□□□ □□□□□□□□□□□ □□□□□□□□□

നമുക്ക് നാമേ പണിവത് നാകം. നരകവുമതു പോലെ. 'മനുഷ്യന് നാകവും നരകവും തീർക്കുന്നതും, ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കുന്നതും പലപ്പോഴും സ്വന്തം നാവാണ്...'വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട്' എന്ന കണക്കാണ് ചിലർ. നാവിന് ബെല്ലും ബ്രേക്കുമില്ല. ഈ 'അസുഖ'ത്തിന് 'മൈക്കോമാനിയ' എന്നാണ് സായിപ്പന്മാരുടെ ഭാഷയിൽ. മൈക്ക് കിട്ടിയാൽ, സ്ഥലകാല ബോധം മറക്കും... വരും വരായ്കകളെപ്പറ്റി ചിന്തിക്കില്ല. ഒടുവിൽ അക്കിടി പിണയുമ്പോൾ പറഞ്ഞത് വിഴുങ്ങും.

ചൂട് വെള്ളത്തിൽ വീഴുന്ന പൂച്ച പച്ച വെള്ളം കണ്ടാലും. പേടിക്കും. പക്ഷേ, ചൂട് വെള്ളത്തിൽ വീണ് പൊള്ളലേറ്റിട്ടും സാംസ്കാരിക മന്ത്രി സജി ചെറിയാൻ പാഠം പടിച്ചില്ലെന്നാണ് പറയുന്നത്... ഇന്ത്യൻ ഭരണഘടനയിൽ 'കുന്തവും കൊടച്ചക്രവും' തെരയാൻ പോയതാണ് അന്ന് മന്ത്രി സ്ഥാനം തെറുപ്പിച്ചത്. ഒടുവിൽ കേസിൽ നിന്ന് തലയൂരി വീണ്ടും മന്ത്രിയായി. കൃത്യം ഒരു വർഷമായപ്പോൾ മന്ത്രിയുടെ നാവിൽ വീണ്ടും 'വികട സരസ്വതി' വിളയാടി.'ചില ബിഷപ്പുമാർക്ക് ബി.ജെ.പി നേതാക്കൾ വിളിച്ചപ്പോൾ രോമാഞ്ചമുണ്ടായി. രോമാഞ്ചം കൂടി കുറച്ചു പേർ ഡൽഹിക്ക് പോയി. കേക്കിന്റെ പീസും, മുന്തിരിയിട്ടു വാറ്റിയ സാധനവും കഴിച്ച് സ്തുതി പാടി പോന്നു...' പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ പുരോഹിതന്മാർ മണിപ്പൂരിൽ ക്രൈസ്തവർ നേരിടുന്ന പീഡനത്തെക്കുറിച്ച് ഉരിയാടാത്തതാണ് പ്രശ്നം. കെ.സി.ബി.സിയും മറ്റും പ്രതിഷേധം കടുപ്പിച്ചു. മന്ത്രി വാക്കുകൾ പിൻവലിച്ചില്ലെങ്കിൽ സർക്കാരിനോട് പിണങ്ങുമെന്ന് ക്രൈസ്തവ മേലദ്ധ്യക്ഷന്മാർ മുഖം കറുപ്പിച്ചതോടെ, സംഗതി ഗുലുമാലായി. പിറ്റേന്ന് മുഖ്യമന്ത്രിയുടെ വിരുന്നും! മന്ത്രി സജിയെ ആദ്യം പാർട്ടി സെക്രട്ടറി തിരുത്തി. പിന്നാലെ, പാർട്ടിയുടെ ഇണ്ടാസെത്തി. മിനിട്ടുകൾക്കകം വിളിച്ച പത്ര സമ്മേളനത്തിൽ, കേക്കും രോമാഞ്ചവും മന്ത്രി വിഴുങ്ങി... അങ്ങനെ മന്ത്രി സജി കീഴടങ്ങിയെന്നൊന്നും കരുതേണ്ട. ഒപ്പം വന്നു മന്ത്രിയുടെ പ്രഖ്യാപനം. തല പോയാലും രാഷ്ട്രീയ വിമർശനം പിൻവലിക്കില്ല.! കേരളത്തിൽ കൃഷിയില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും, തമിഴ്നാട്ടിൽ അരിയുള്ളത് കൊണ്ട് ഇവിടെ ഒരു പ്രശ്നവുമില്ലെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ 'ഉപദേശം ' കേട്ട് കേരളത്തിലെ നെൽ കർഷകർക്ക് 'രോമാഞ്ച'മുണ്ടായെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം.

□□□□□□□□□□□□ □□□□□□□□□□□ □□□□□□□□□

മൂത്തത് മാങ്ങയാണോ, അണ്ടിയാണോ?, മാങ്ങയിൽ നിന്നല്ലേ അണ്ടി കിട്ടുന്നതെന്ന് ഒരു കൂട്ടർ. അണ്ടി മുളച്ച് മാവായാലല്ലേ മാങ്ങ കിട്ടൂ എന്ന് മറ്റൊരു കൂട്ടർ. ജാംബവാന്റെ കാലം മുതലുള്ള തർക്കം തുരട്ടെ. ഓർമ്മ വന്നത് ഗതാഗത വകുപ്പിന്റെ മന്ത്രിസ്ഥാനം ഒഴിഞ്ഞ ആന്റണി രാജുവും, സ്ഥാനം ഏറ്റെടുത്ത ഗണേശ് കുമാറും തമ്മിലുള്ള മൂപ്പിള തർക്കം കേട്ടപ്പോഴാണ്. ഗണേശ് വേണ്ടത്ര 'വിളഞ്ഞ് പാക'മായിട്ടില്ലെന്നും, ഗണേശിന്റെ അച്ഛൻ ആർ. ബാലകൃഷ്ണ പിള്ളയ്ക്കൊപ്പം താൻ എം.എൽ.എയായിരുന്നിട്ടുണ്ടെന്നും ആന്റണി രാജു. തന്റെ അച്ഛനൊപ്പം താനും എം.എൽ.എയായിരുന്നിട്ടുണ്ടെന്ന് ഗണേശ് കുമാറിന്റെ മറുപടി. പ്രായം കൊണ്ടല്ലെങ്കിലും അഞ്ച് തവണ തുടർച്ചയായി എം.എൽ.എയും അതിൽ മൂന്ന് തവണ മന്ത്രിയുമായിരുന്ന ഗണേശാണ് തഴക്കത്തിലും, പഴക്കത്തിലും മൂപ്പൻ.

കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ രണ്ടര വർഷക്കാലം നാഥനില്ലാ കളരിയായിരുന്നുവെന്നും, ഓട്ടകൾ വഴി ഒരുപാട് ചോർച്ച സംഭവിച്ചെന്നുമുള്ള ഗണേശ് കുമാറിന്റെ പരാമർശമാണ് ആന്റണി രാജുവിനെ ചൊടിപ്പിച്ചത്. ഗ്യാലറിയിലിരുന്ന് കളി കാണാൻ എളുപ്പമാണെന്നും, ഗ്രൗണ്ടിലിറങ്ങി കളിക്കുമ്പോഴേ ബുദ്ധിമുട്ട് മനസിലാവൂ എന്നുമാണ് പുതിയ മന്ത്രിക്ക് മുൻ മന്ത്രിയുടെ മറുപടി. ഗ്രൗണ്ടിലിറങ്ങി കളിക്കാൻ തന്നെയാണത്രെ ഗണേശിന്റെ ഭാവം. കെ.എസ്.ആർ.ടി.സിയുടെ ഒരു ചില്ലിക്കാശ് പോലും പാഴാവാൻ അനുവദിക്കില്ലെന്ന, കുറച്ച് കാലം ഗതാഗത മന്ത്രി കൂടിയായിരുന്ന ഗണേശിന്റ പ്രഖ്യാപനം കേട്ട് ചീഫ് ഓഫീസിലെ ചിലരുടെ മുട്ടുകൾ കൂട്ടിയിടിച്ചെന്നാണ് അടക്കം പറച്ചിൽ.

ഇലക്ടിക് ബസുകളുടെ യുഗം കെ.എസ്.ആർ.ടി.സിയിൽ സൃഷ്ടിക്കാൻ തനിക്ക് കഴിഞ്ഞെന്നാണ് ആന്റണി രാജുവിന്റെ

അവകാശ വാദം. എന്നാൽ, കിട്ടിയ ഇലക്ടിക് ബസുകൾ ഇതുവരെ വെള്ളം കണ്ടിട്ടില്ലെന്നാണ് ഗണേശിന്റെ വാദം.

വെള്ളമില്ലാത്തിടത്ത് കാർ വാഷ് സ്ഥാപിച്ചാൽ എങ്ങനെ ബസ് കഴുകുമെന്ന പരിഹാസവും. ഒരു മാസത്തെ ശമ്പളവും

പെൻഷനും പോലും കുടിശ്ശിക ഇടാതെയാണ് താൻ പടിയിറങ്ങിയതെന്ന് അഭിമാനം കൊള്ളുന്ന ആന്റണി രാജു, ഗണേശിനോട്

ഒരു വെല്ലുവിളിയും നടത്തി.'കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളവും പെൻഷനും

കൊടുക്കാമോ'? ഗണേശ് ഇനിയും ഈ വെല്ലുവിളി ഏറ്റെടുത്തതായി കേട്ടില്ല!. ഏറ്റെടുത്താൽ ജീവനക്കാരുടെയും

പെൻഷൻകാരുടെയും സുകൃതം.

നുറുങ്ങ്;- മന്ത്രി സജി ചെറിയാന്റെ കുമ്പസാരം ഫലിച്ചു. മുഖ്യമന്ത്രി ഒരുക്കിയ വിരുന്നിന് ക്ഷണിക്കപ്പെട്ട ക്രൈസ്തവ പുരോഹിതർ

ഹാജർ!.

# എല്ലാം പറഞ്ഞ് 'കോംപ്ലിമെന്റ്സാക്കി'. എന്താ പോരേ?...