loan

കൊച്ചി: സാമ്പത്തിക മേഖലയിലെ മികച്ച വളർച്ച ബാങ്കുകളുടെ വായ്പാ വിതരണത്തിൽ വൻ കുതിപ്പുണ്ടാക്കുന്നു. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് വിവിധ ബാങ്കുകളുടെ വായ്പാ വിതരണത്തിൽ ഒക്ടോബർ മുതൽ നവംബർ വരെയുള്ള മൂന്ന് മാസത്തിൽ മുൻവർഷം ഇതേകാലയളവിനേക്കാൾ 15 മുതൽ 60 ശതമാനം വളർച്ചയാണ് ഉണ്ടായത്. റീട്ടെയ്ൽ,ഗ്രാമീണ, കോർപ്പറേറ്റ് ഉപഭോക്താക്കളിൽ നിന്നും വായ്പാ ആവശ്യം ഗണ്യമായി കൂടുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

എച്ച്.ഡി.എഫ്.സി ബാങ്ക് ഇന്നലെ പുറത്തുവിട്ട കണക്കുകളനുസരിച്ച് ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മൊത്തം വായ്പകൾ 62 ശതമാനം ഉയർന്ന് 24.69 ലക്ഷം കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ വായ്പ 1.52 ലക്ഷം കോടി രൂപയിലാണ്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള രണ്ടാം പാദത്തേക്കാൾ വായ്പാ വിതരണത്തിൽ 4.9 ശതമാനം വർദ്ധനയുണ്ട്. ആഭ്യന്തര വിപണിയിൽ റീട്ടെയ്ൽ വായ്പകളുടെ വിതരണത്തിൽ 111 ശതമാനം വർദ്ധനയാണുണ്ടായത്. വാണിജ്യ, ഗ്രാമീണ മേഖലകളിൽ 31.5 ശതമാനവും കോർപ്പറേറ്റ് മേഖലകളിൽ 11 ശതമാനവും വളർച്ചയാണ് ബാങ്കിന്റെ വായ്പാ വിതരണത്തിലുണ്ടായത്.

മറ്റൊരു പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ വായ്പകൾ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 20 ശതമാനം ഉയർന്ന് 3.26 ലക്ഷം കോടി രൂപയിലെത്തി. പ്രമുഖ പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ വായ്പ ഇക്കാലയളവിൽ 14.91 ശതമാനം ഉയർന്ന് 2.4 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷം മൂന്നാം പാദത്തിൽ വായ്പ 2.08 ലക്ഷം കോടി രൂപയായിരുന്നു. സെപ്തംബറിൽ ബാങ്കിന്റെ മൊത്തം വായ്പ 2.31 ലക്ഷം കോടി രൂപയായിരുന്നു.

ആശങ്ക സൃഷ്ടിച്ച് ഈടില്ലാ വായ്പകൾ

ബാങ്കുകൾ മതിയായ ഈടുകളില്ലാതെ ഉയർന്ന പലിശ നിരക്ക് ഈടാക്കി നൽകുന്ന വ്യക്തിഗത, ഉപഭോക്തൃ വായ്പകൾ ഗണ്യമായി കൂടുന്നതാണ് റിസർവ് ബാങ്കിന് ആശങ്ക സൃഷ്ടിക്കുന്നത്. ബാലൻസ് ഷീറ്റിൽ മികച്ച പ്രകടനം കാണിക്കുന്നതിനായി വായ്പകളുടെ എവർഗ്രീനിംഗ് ബാങ്കിംഗ് മേഖലയിൽ സർവസാധാരണമാണ്. നിലവിലുള്ള വായ്പകൾക്ക് പുറമെ ആവശ്യത്തിന് മുൻകരുതൽ സ്വീകരിക്കാതെ ഉപഭോക്താക്കൾക്ക് അധിക വായ്പ നൽകുന്നതാണ് എവർഗ്രീനിംഗ് എന്നറിയപ്പെടുന്നത്.

ബാങ്ക് നിക്ഷേപങ്ങളും കൂടുന്നു

സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകൾ പലിശ നിരക്ക് ഗണ്യമായി കൂട്ടിയതോടെ ബാങ്കുകളിലേക്കുള്ള പണമൊഴുക്കിൽ വൻ കുതിപ്പുണ്ടായി. ഒക്ടോബർ മുതൽ ഡിസംബർ വരെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൊത്തം നിക്ഷേപം 27.7 ശതമാനം ഉയർന്ന് 22.14 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷം ഡിസംബറിൽ മൊത്തം നിക്ഷേപം 17.33 ലക്ഷം കോടി രൂപയായിരുന്നു. ഇൻഡസ് ഇൻഡ് ബാങ്കിന്റെ നിക്ഷേപം അവലോകന കാലയളവിൽ 13 ശതമാനം ഉയർന്ന് 3.68 ലക്ഷം കോടി രൂപയിലെത്തി. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ നിക്ഷേപം ഇക്കാലയളവിൽ 9.52 ശതമാനം ഉയർന്ന് 3.77 ലക്ഷം കോടി രൂപയിലെത്തി.