
ലാസ്‌വേഗാസ്:കോടതിമുറിയിൽ ജഡ്ജിക്ക് പ്രതിയുടെ വക മർദ്ദനം. ലാസ്‌വേഗാസിലെ നൊവാഡ കോടതിയിലാണ് വനിതാ ജഡ്ജിക്ക് തല്ലുകിട്ടിയത്. കാൽമുട്ടുതകർത്ത കേസിൽ അറസ്റ്റിലായ ഡിയോബ്ര റെഡ്ഡൻ എന്ന മുപ്പതുകാരനാണ് പ്രശ്നമുണ്ടാക്കിയത്. ശിക്ഷ വിധിക്കുന്നതിനുമുമ്പ് ജഡ്ജി നടത്തിയ ചില പരാമർശങ്ങളാണ് റെഡ്ഡനെ ചൊടിപ്പിച്ചത്.
ജഡ്ജിയുടെ പരാമർശം കേട്ടതോടെ കലികയറി റെഡ്ഡൻ പ്രതിക്കൂട്ടിയിൽ നിന്ന് ചാടിയിറങ്ങി ജഡ്ജിയുടെ മുന്നിലെ മേശയിലേക്ക് ചാടിക്കയറിയശേഷം മർദ്ദിക്കാൻ തുടങ്ങുകയായിരുന്നു. ജഡ്ജിയുടെ സഹായികൾ ശ്രമിച്ചെങ്കിലും റെഡ്ഡനെ തടയാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് അയാളെ പിടികൂടിയത്. ഇതിനിടെ ജഡ്ജിയുടെ ഒരു സഹായിക്ക് പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഡ്ജിക്ക് കാര്യമായി പരിക്കേറ്റിട്ടില്ല.
ശരിക്കും ഭ്രാന്തുപിടിച്ചപോലെയായിരുന്നു റെഡ്ഡൻ എന്നാണ് കോടതിമുറിയിൽ ഉണ്ടായിരുന്നവർ പറഞ്ഞത്. ശരിക്കും സിനിമാ സ്റ്റൈലിൽ പറന്ന് അടിക്കുകയായിരുന്നത്രേ. ജഡ്ജിക്കുനേരെ അതിക്രമം കാണിച്ചതിനും സഹായിയെ പരിക്കേൽപ്പിച്ചതിനും റെഡ്ഡനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തേ ഇയാൾ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.