-loksabha-

2024 ഏപ്രിൽ മാസമാകുന്നതോടെ ബിജെപിയിലെ ഏറ്റവും ശക്തരും മുതിർന്നതുമായ നേതാക്കളുടെ രാജ്യസഭ അംഗത്വ കാലാവധി അവസാനിക്കും. ഇവരിൽ പലരും തുടർച്ചയായി രണ്ട് തവണ ബിജെപി രാജ്യസഭയിലേക്ക് അയച്ചവരാണ്. കേന്ദ്ര മന്ത്രിമാർ അടക്കമുള്ള ബിജെപിയുടെ മിക്ക മുതിർന്ന നേതാക്കളും കാലാവധി അവസാനിക്കുന്നതോടെ പാർട്ടിയുടെ പുതിയ ചുമതലകളിലേക്ക് കടന്നേക്കും. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന നേതൃയോഗത്തിൽ തന്നെ കാലാവധി അവസാനിക്കുന്ന മുതിർന്ന നേതാക്കൾ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിർദ്ദേശം പ്രധാനമന്ത്രി മുന്നോട്ടുവച്ചിരുന്നു. ഏതൊക്കെ മണ്ഡലങ്ങളിലായിരിക്കും പാർട്ടി ഇവരെ മത്സരത്തിനായി നിയോഗിക്കുക. പരിശോധിക്കാം..

കാലാവധി അവസാനിക്കുന്ന നേതാക്കൾ
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ അടക്കമുള്ള മുതിർന്ന നേതാക്കളുടെ കാലാവധിയാണ് ഏപ്രിൽ മാസത്തോടെ അവസാനിക്കുന്നത്. അനിൽ അഗർവാൾ, അനിൽ ബലൂനി, അശോക് വാജ്പേയ്, അനിൽ ജെയിൻ, പ്രകാശ് ജാവദേക്കർ, സുശിൽ മോദി, സകൽദീപ് രാജ്ഭർ, അജയ് പ്രതാപ് സിംഗ്, കൈലാഷ് സോണി, ഹർണാദ് സിംഗ് യാദവ് തുടങ്ങിയ നേതാക്കളുടെ കാലാവധിയാണ് അവസാനിക്കുന്നത്.

ഭൂപേന്ദർ യാദവ്, ധർമേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ, അശ്വിനി വൈഷ്ണവ്, ഹർദീപ് സിംഗ് പുരി, നാരായൺ റാണെ, പുരുഷോത്തം രൂപാല തുടങ്ങിയവരാണ് കാലാവധി അവസാനിക്കുന്ന കേന്ദ്രമന്ത്രിമാർ.

ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കും
രാജ്യസഭയിൽ നിന്നും വിരമിക്കുന്ന മുതിർന്ന ചില നേതാക്കളെ ബിജെപി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് നീക്കം. ഈ നിർദ്ദേശം കഴിഞ്ഞ ആഴ്ച നടന്ന ദേശീയ നേതൃയോഗത്തിൽ മുന്നോട്ടുവച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ, പുരുഷോത്തം രൂപാല തുടങ്ങിയവരുടെ സീറ്റ് സംബന്ധിച്ച് ചർച്ച ആരംഭിച്ചെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തുടർന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ദേശീയ സെക്രട്ടറിമാരുടെ യോഗം ഉടൻ നടന്നേക്കും. നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള ആസൂത്രണങ്ങളായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക. ഇതോടൊപ്പം ജനുവരി 22ന് നടക്കുന്ന അയോദ്ധ്യ പ്രതിഷ്ഠ ദിനത്തെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും.

വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർ
ദക്ഷിണേന്ത്യ അടക്കമുള്ള വിവിധ മേഖലകളിൽ ബിജെപിക്ക് ഇപ്പോഴും സ്വാധീനം നേടിയെടുക്കാൻ സാധിക്കാത്ത ഒരുപാട് മണ്ഡലങ്ങളുണ്ട്. ഏറ്റവും വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങൾ തിരഞ്ഞെടുത്ത് അവിടെ കേന്ദ്രമന്ത്രിമാരെ മത്സരിപ്പിക്കാൻ നേതൃത്വത്തിന് പദ്ധതിയുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ വിജയ സാദ്ധ്യത കൽപ്പിക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് എസ് ജയ്ശങ്കറോ, നിർമ്മലാ സീതാരാമനോ മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹമുണ്ട്. ശശി തരൂരിനെ വീഴ്ത്താൻ ദേശീയ സ്വാധീനമുള്ള ഒരു നേതാവ് വരണമെന്ന അഭിപ്രായമാണ് നേതൃത്വത്തിനുള്ളത്.

മോദി തമിഴ്നാട്ടിൽ
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിൽ മത്സരിക്കുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. രാമനാഥപുരമോ കേരളത്തിന്റെ അതിർത്തി മണ്ഡലമായ കന്യാകുമാരിയോ തിരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. മോദി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. 2014ലെ തിരഞ്ഞടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി, വഡോദര എന്നീ മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. എന്നാൽ 2019ലെ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ മാത്രമാണ് മത്സരിച്ചത്.