saral

ഭോപ്പാൽ: സുഹൃത്തിന്റെ നായയെ രക്ഷിക്കാൻ അണക്കെട്ടിന്റെ റിസർവോയറിൽ ചാടിയ യുവാവിന് ദാരുണാന്ത്യം. ഭോപ്പാലിലാണ് സംഭവമുണ്ടായത്. 23കാരനായ സരൾ നിഗമാണ് മരിച്ചത്. എന്നാൽ, വെള്ളത്തിൽ വീണ നായ നീന്തി രക്ഷപ്പെട്ടു. ഭോപ്പാൽ മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ ബിടെക് ബിരുദം നേടിയ സരൾ നിഗം യുപിഎസ്‌സി പ്രവേശന പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്നു.

ഭോപ്പാൽ നഗരത്തിന് 10 കിലോമീറ്റർ അകലെയാണ് കെർവ ഡാം. ഇവിടേയ്‌ക്ക് രാവിലെ ഏഴരയോടെ രണ്ട് പെൺസുഹൃത്തുക്കൾക്കൊപ്പം നടക്കാൻ പോയതായിരുന്നു സരൾ. ഇതിലൊരാളുടെ നായ കെർവ അണക്കെട്ടിലെ റിസർവോയറിൽ വീഴുകയായിരുന്നു. തുടർന്ന് മൂവരും നായയെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങി. എന്നാൽ, സരൾ കാൽവഴുതി വെള്ളത്തിലേയ്‌ക്ക് വീഴുകയായിരുന്നു. നായ നീന്തി രക്ഷപ്പെട്ടെങ്കിലും സരൾ മുങ്ങിത്താഴ്‌ന്നുവെന്നാണ് പൊലീസ് പറയുന്നത്.

സരൾ മുങ്ങുന്നത് കണ്ടയുടനെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടികൾ സഹായത്തിനായി നിലവിളിച്ചു. ഇത് കേട്ട് ക്യാമ്പിലെ വാച്ച്‌മാൻ ഓടിയെത്തി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് റാത്തിബാദ് പൊലീസിൽ അറിയിച്ചു. മുങ്ങൽ വിദഗ്ദ്ധരും എസ്ഡിഇആർഎഫും പൊലീസും സ്ഥലത്തെത്തിയെങ്കിലും സരളിനെ കണ്ടെത്താനായില്ല.. ഒരു മണിക്കൂർ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം,സരളിന് നീന്താനറിയുമെന്ന് മാതാപിതാക്കൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മാതാപിതാക്കളുടെ ഏകമകനാണ് സരൾ.